
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ പന്ത്രണ്ടായിരത്തിനും 15000ത്തിനും ഇടയിൽ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കോൺഗ്രസ് എം.പിമാരായ വി.കെ.ശ്രീകണ്ഠനും ഷാഫി പറമ്പിലും അവകാശപ്പെട്ടു. പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് വോട്ട് വർദ്ധിക്കുമെന്ന കണക്കും അവർ തള്ളിക്കളഞ്ഞു.
യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം വോട്ടിംഗ് നില ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. പാലക്കാട് നഗരസഭയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 8% പോളിംഗ് കുറവാണ്. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒരു വോട്ടും കുറവുണ്ടായിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ മറച്ചുവയ്ക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിച്ചത്. നഗരസഭയിലും പഞ്ചായത്തുകളിലും യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കം ലഭിക്കും. തിരഞ്ഞെടുപ്പ് വേളയിൽ ഇല്ലാ കഥകൾ പ്രചരിപ്പിച്ച സി.പി.എമ്മും ബി.ജെ.പിയും തിരഞ്ഞെടുപ്പിനു ശേഷവും ഇത് തുടരുകയാണ്. പെട്ടി വിവാദത്തിൽ, വനിതാ നേതാക്കളെ അപമാനിച്ച സംഭവത്തിലും മന്ത്രി ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുപ്പ് ലംഘിച്ചതിലും പരാതി നൽകിയിട്ടുണ്ട്. ഇതിൽ നടപടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകും.
വ്യാജവോട്ട്ചെയ്യാനാവാത്തതിൽ പ്രതിപക്ഷത്തിന് നിരാശ: സി.പി.എം
വ്യാജവോട്ട് പൂർണമായും ചെയ്യാൻ കഴിയാത്തതിൽ യു.ഡി.എഫിനും ബി.ജെ.പിക്കും നിരാശയെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. ഉപ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് യു.ഡി.എഫ് ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി വ്യാജനാണെന്ന് മുൻകാല പ്രവൃത്തികളിലൂടെ തെളിയിക്കപ്പെട്ടതാണ്. അത് ജനങ്ങൾ വിശ്വസിച്ചെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസിനെ തടയാൻ എൽ.ഡി.എഫ് എത്തിയില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഹരിദാസിനെ കായികമായി തടയുമെന്നല്ല, നിയമപരമായി തടയുമെന്നാണ് തങ്ങൾ പറഞ്ഞത്. അത് ചെയ്തു. വ്യാജ വോട്ട് സംബന്ധിച്ച് കൃത്യമായ നിലപാട് തിരഞ്ഞെടുപ്പിന്റെ ഒരുഘട്ടത്തിലും കോൺഗ്രസ് സ്വീകരിച്ചില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ രഹസ്യധാരണയുണ്ട്. എന്നാൽ ഇവിടെ ബി.ജെ.പിയും കോൺഗ്രസും ജയിക്കില്ല. മുനിസിപ്പാലിറ്റിയിൽ ബി.ജെ.പിയുടെ വോട്ട് തകരും. പിരായിരി പഞ്ചായത്തിൽ കോൺഗ്രസ് ലീഡ് ഇടിയും. മാത്തൂരും കണ്ണാടിയും എൽ.ഡി.എഫ് ഭൂരിപക്ഷം തിരിച്ച് പിടിക്കും. മൂത്താൻതറയിലെ ബൂത്തുകളിൽ ആർ.എസ്.എസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും സുരേഷ് ബാബു പറഞ്ഞു.