meghanadhan-

ഷൊർണൂർ: വില്ലൻ വേഷങ്ങളിലൂടെ മലയാളസിനിമയിൽ ചെങ്കോൽ നാട്ടിയ നടൻ മേഘനാഥൻ( 60)ഓ‌ർമ്മയായി. അന്തരിച്ച പ്രശസ്ത നടൻ ബാലൻ കെ.നായരുടെ രണ്ടാമത്തെ മകനാണ്. ക്യാൻസർ ബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് അന്ത്യം.

കോഴിക്കോട് നിന്ന് മേഘനാഥന്റെ മൃതദേഹം ഇന്നലെ രാവിലെ ഷൊർണൂരിലെ വാടാനാംകുറുശ്ശി കോഴിപ്പാറ രാമങ്കണ്ടത്ത് തറവാട്ടിലെത്തിച്ചു. പൊതുദർശനത്തിനുശേഷം വൈകിട്ട് മൂന്നിന് സംസ്‌കാരം നടന്നു.
തറവാട്ട് പറമ്പിലെ ബാലൻ കെ. നായരുടെ സ്മൃതികുടീരത്തിനരികിലാണ് മേഘനാഥനും അന്ത്യവിശ്രമം ഒരുക്കിയത്. അകാലത്തിൽ വേർപിരിഞ്ഞ സഹോദരൻ അജയകുമാറിന്റെ മൃതദേഹവും ഇവിടെയാണ് സംസ്കരിച്ചത്.

ശാരദാ ബാലൻ കെ. നായരാണ് മാതാവ്. ഭാര്യ സുസ്മിത. ഏക മകൾ പാർവതി. ആർ.ബി.അനിൽകുമാർ, ലത, സുജാത എന്നിവർ മറ്റു സഹോദരങ്ങളാണ്. ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ മേഘനാഥൻ കോയമ്പത്തൂരിൽ നിന്ന് ഓട്ടോമൊബൈൽ എൻജിനിയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കി. പിന്നീടാണ് പിതാവിന്റെ പാത പിന്തുടർന്നത്.
1983 ൽ 'അസ്ത്രം" എന്നചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പഞ്ചാഗ്നി, ചെങ്കോൽ, ചമയം, ഈ പുഴയും കടന്ന്, ഒരു മറവത്തൂർ കനവ്, തച്ചിലേടത്ത് ചുണ്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ആക്ഷൻ ഹീറോ ബിജു തുടങ്ങിയവ പ്രധാന സിനിമകളാണ്.