palakkad

പാലക്കാടൻ ചൂട് അതിന്റെ പാരമ്യത്തിലെത്തിയ 35 ദിനരാത്രങ്ങൾ. ഓരോ നിമിഷവും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ പ്രചരണ തന്ത്രങ്ങൾ. സ്ഥാനാർത്ഥി നിർണയത്തിൽ ആരംഭിച്ച ആശങ്കകൾ പൊട്ടിത്തെറിയിലേക്കും കൊഴിഞ്ഞുപോക്കിലും പിന്നീട് സംസ്ഥാനനേതാവിന്റെ മറുകണ്ടം ചാടലിലേക്കും വരെ നീണ്ടൂ... പടലപ്പിണക്കങ്ങളും കൈകൊടുക്കലുകളും മുതർന്ന നേതാക്കളുടെ അസാന്നിദ്ധ്യവും വരെ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനും അപ്പുറം സകലതും ചർച്ചചെയ്തു മണ്ഡലം. കൽപ്പാത്തി രഥോത്സവത്തിന്റെ പേരിൽ നീട്ടിക്കിട്ടിയ ആറുദിവസത്തിൽ ചടുല രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിട്ടും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ നിന്നുള്ള വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ മുന്നണികൾക്കായില്ല. വോട്ടിംഗ് ശതമാനത്തിലെ 4.86 ശതമാനത്തിന്റെ കുറവിൽ അങ്കലാപ്പിലായിരിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങൾ. വോട്ടുകുറഞ്ഞത് ആർക്ക് ഗുണമാകും, ആർക്ക് തിരിച്ചടിയാകുമെന്നറിയാൻ മണിക്കൂറുകളുടെ ദൈർഘ്യംമാത്രം. പാലക്കാടിന്റെ പുതിയ ജനനായകനാരെന്ന് ഇന്ന് അറിയാം.

മുന്നണിക്ക് മാത്രമല്ല

നേതാക്കൾക്കും നിർണായകം

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ഫലം മുന്നണികളെ പോലെ നേതാക്കൾക്കും അതിനിർണായകമാണ്. സിറ്റിംഗ് സീറ്റ് നിലനിറുത്തുക എന്നതിനപ്പുറം യു.ഡി.എഫിന് പാലക്കാട്ടൊരു വിജയം അനിവാര്യമാണ്, ഷാഫി പറമ്പിലിനും. ഭരണവിരുദ്ധ വികാരവും സിറ്റിംഗ് സീറ്റിന്റെ ആനുകൂല്യവും ഏറ്റവും ഒടുവിൽ ബി.ജെ.പിയുടെ സംസ്ഥാന നേതാവായിരുന്ന സന്ദീപിനെ കോൺഗ്രസിലെത്തിക്കാൻ കഴിഞ്ഞതും യു.ഡി.എഫിന് കരുത്തേകുമ്പോൾ പാർട്ടി പരാജയപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഷാഫി പറമ്പിൽ എന്നിവരുടെ ചുമലിലേക്കുവീഴും. പാർട്ടിക്കുള്ളിലെ പവർഗ്രൂപ്പ്, ആരോപണങ്ങൾക്കും മൂർച്ചയേറും. എ ഗ്രൂപ്പിനെതിരെ ഐ ഗ്രൂപ്പ് പടപ്പുറപ്പാട് തുടങ്ങും. രാഹുലിനെ സ്ഥാനാർത്ഥിയാക്കതിൽ ഉൾപ്പെടെയുള്ള ഷാഫി - സതീശൻ ഇടപെടലുകൾ, സരിനെ പുറത്താക്കാനുള്ള നേതൃത്വത്തിന്റെ ആവേശം എല്ലാം കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പാർട്ടിയിൽ ചോദ്യം ചെയ്തേക്കാം. അതിനാൽ തന്നെ യു.ഡി.എഫിന് പാലക്കാട്ടെ വിജയം അനിവാര്യമാണ്.

അത് അറിഞ്ഞുള്ള പ്രവർത്തനം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടത്തിയത് ഗുണമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. എന്നാൽ, യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ പിരായിരിൽ 5 ശതമാനത്തിന്റെ വോട്ട് കുറഞ്ഞത് ചെറുതല്ലാത്തൊരു ആശങ്കയുണ്ടാക്കുന്നുണ്ട്. നേതൃത്വം കരുതിയപോലെ ന്യൂനപക്ഷവോട്ടുകൾ മുഴുവൻ രാഹുലിലേക്ക് കേന്ദ്രീകരിച്ചില്ലെങ്കിൽ ഇത്തവണ യു.ഡി.എഫ് വിയർക്കുമെന്ന് ഉറപ്പ്.

കഴിഞ്ഞ രണ്ടുതവണയും രണ്ടാംസ്ഥാനത്തായ ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പ് വിജയം നിർണായകമാണ്. ഒപ്പം സി.കൃഷ്ണകുമാറിനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും. തൃശൂരിലെ വിജയത്തിന് ശേഷം സംസ്ഥാനത്താകെയുള്ള അനുകൂല ട്രെൻഡ് വ്യക്തമായ അടിത്തറയുള്ള പാലക്കാട് ഉപയോഗപ്പെടുത്താനായില്ലെങ്കിൽ അത് ബി.ജെ.പിയിൽ വലിയ ആഭ്യന്തര പ്രശ്നങ്ങൾക്കിടയാക്കും. സംഘടനാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃമാറ്റത്തിന് തന്നെ കാരണമായേക്കാമെന്നും വിലയിരുത്തുന്നുണ്ട്. ബി.ജെ.പിക്കും സംഘപരിവാർ സംഘടനകൾക്കും വേരോട്ടമുള്ള പാലക്കാടൻ മണ്ണിൽ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം ഒത്തുവന്നിട്ടും തിരഞ്ഞെടുപ്പ് വിജയം അകന്നുനിന്നാൽ അത് വലിയ ചോദ്യംചെയ്യലുകൾക്ക് കാരണമാകും. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ വലിയ വിഭാഗീയതയും പ്രശ്നങ്ങളും പ്രകടമായ സാഹചര്യത്തിൽ പ്രത്യേകിച്ചും. ശോഭാ സുരേന്ദ്രൻ പക്ഷവും, സി.കൃഷ്ണകുമാർ പക്ഷവും ജില്ലയിൽ രണ്ടുചേരികളിലായിരുന്നുവെന്നത് തിര‌ഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മറനീക്കി പുറത്തുവന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിയായിരുന്നു സി.കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വം. അതിന് കേന്ദ്ര നേതൃത്വം വഴങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ അതൃപ്തിയും പിന്നാലെയുള്ള പാർട്ടി മാറ്റവും ചർച്ചയാകും. ജില്ലയിലെ സംഘടനാ തലത്തിൽ കൂടുതൽ പൊട്ടിത്തെറിക്ക് ഇത് കാരണമാകുമെന്നും വിലയിരുത്തലുകളുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ, അടിത്തട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായതിനാൽ വിജയപ്രതീക്ഷയിലാണ് എൻ.ഡി.എ. 184 ബൂത്തുകളുള്ള മണ്ഡലത്തിൽ 130 ഓളം ബൂത്തുകമ്മിറ്റി യോഗങ്ങളിലും സ്ഥാനർത്ഥിയും മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുത്തിരുന്നു. പാലക്കാട് നഗരസഭയിലും കണ്ണാടിയിലും വലിയ വോട്ടുവിഹിതം ബി.ജെ.പി പ്രതീക്ഷിക്കുന്നു. നഗരസഭയിൽ 6000 - 9000 വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ കണ്ണാടിയിൽ നേടിയ 4000 വോട്ടെന്നത് ഉയർത്താനാവുമെന്നും കരുതുന്നു. അങ്ങനെയാങ്കിൽ ചെറുഭൂരിപക്ഷത്തിന് ഇത്തവണ വിജയതീരമണിയുമെന്ന് സ്ഥാനാർത്ഥിയും നേതൃത്വവും വിലയിരുത്തൽ.

മൂന്നാംസ്ഥാനത്തുള്ള ഇടതുമുന്നണിക്ക് ഇത്തവണ നിലമെച്ചപ്പെടുത്താനായാൽപോലും അത് നേട്ടമാണ്. എന്നാൽ, തുടർച്ചയായി മൂന്നാംവട്ടവും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാൽ അത് മുന്നണിക്കപ്പുറം സി.പി.എമ്മിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കും. ജില്ലാ നേതൃത്വത്തിനെതിരെ താഴെത്തട്ടിലുള്ള പ്രവർത്തകർ വിമർശനവുമായെത്തുമെന്ന് ഉറപ്പ്. പാർടിവിട്ടുവരുന്നവർക്ക് പരവതാനി വിരിക്കുന്ന സി.പി.എമ്മിന്റെ നിലപാടിനോട് പ്രവർത്തകർക്കുള്ളിൽ വലിയ എതിർപ്പുണ്ട്. തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നമുപയോഗിക്കാത്തതിലും വലിയ വിയോജിപ്പുകൾ പലകോണുകളിൽ നിന്നുയർന്നിരുന്നു. ഇതിനെല്ലാം ജില്ലാ നേതൃത്വം പ്രത്യേകിച്ച് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പാർട്ടി വേദികളിൽ മറുപടി പറയേണ്ടിവരും. എം.ബി.രാജേഷ്, എ.കെ.ബാലൻ എന്നിവർക്കെതിരെയും വിമർശനം ഉയർന്നേക്കാം. പ്രത്യയശാസ്ത്രപരതയുള്ള പാർട്ടി നിലവിൽ പിന്തുടരുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ തിക്താനുഭവമാണ് പി.വി.അൻവർ. കോൺഗ്രസിൽ നിന്നെത്തിയ ഡോ. പി.സരിൻ അത്തരത്തിലുള്ള അനുഭവമാകുമെന്ന വിമർശനം ഇപ്പോഴെ ഉയർന്നിട്ടുണ്ട്. ഇതുകൂടാതെ സന്ദീപ് വാര്യരെ പാർടിയിലെത്തിക്കാനുള്ള നീക്കം നടത്തിയതും രണ്ട് അഭിപ്രായങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനെല്ലാം ഉത്തരം പറയാൻ ഇടതുപക്ഷത്തിന് വിജയം അനിവാര്യമാണ്. ചുരുങ്ങിയ പക്ഷം രണ്ടാംസ്ഥാനത്തേക്കെങ്കിലും എത്താൻ സാധിക്കണം. അല്ലെങ്കിൽ ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ പ്രവണതകൾ കൊഴിഞ്ഞാമ്പാറയിലേത് പോലെ മറ്റ് പല കീഴ് ഘടകങ്ങിളും ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പ്.

വിജയപ്രതീക്ഷയിൽ

മുന്നണികൾ

വിവാദങ്ങളാൽ ശ്രദ്ധേയമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമായി 'ട്വിസ്റ്റ് ' ആകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ശക്തികേന്ദ്രങ്ങളിലെല്ലാം കനത്ത പോളിംഗ് ആണെന്നു ബി.ജെ.പി അവകാശപ്പെടുമ്പോൾ പോളിംഗ് കുറഞ്ഞതും അവരുടെ കേന്ദ്രങ്ങളിൽ തന്നെയാണ്. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെ പോളിംഗ് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിന് സമാനമാണ്. ഗ്രാമപഞ്ചായത്തുകളിൽ ഇടതുകോട്ടകളിൽ പോളിംഗിൽ കാര്യമായ കുറവില്ല. അന്തിമ കണക്കു പ്രകാരം പോളിംഗ് ശതമാനം 70.52 ആയി. ഇനി 2 തപാൽ വോട്ടുകളും 265 സർവീസ് വോട്ടുകളും തിരികെ വരാനുണ്ട്. വോട്ടെണ്ണുന്ന ഇന്ന് 7.59 വരെ ഇവ സമർപ്പിക്കാം. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് നഗരസഭയിലെ മൂത്താന്തറ കർണകയമ്മൻ ഹൈസ്‌കൂളിലെ 58 നമ്പർ ബൂത്തിലാണ്, 84.57%. 2021ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി ഇ.ശ്രീധരന് ഇവിടെ 710 വോട്ട് ലഭിച്ചപ്പോൾ വിജയിച്ച ഷാഫി പറമ്പിലിന് കിട്ടിയതു വെറും 60 വോട്ടാണ്. സി.പി.എമ്മിനു കിട്ടിയതോ 23 വോട്ട് മാത്രം. രണ്ടുവോട്ട് നോട്ടയ്ക്കു പോയെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ഇവിടെ ഒന്നും കിട്ടിയില്ല. ഇതിനോട് ചേർന്ന 55 മുതൽ 59 വരെയുള്ള ബൂത്തുകളിലെല്ലാം 2021ൽ ബി.ജെ.പിക്ക് ഇതുപോലെയാണു വോട്ട് ലഭിച്ചിരിക്കുന്നത്. ഈ മേഖലകളിലെല്ലാം ഇത്തവണയും മികച്ച പോളിംഗുണ്ട്. ഏറ്റവും കുറവു പോളിംഗ് നടന്നതു പുത്തൂർ ജി.യു.പി.എസിലെ ഇരുപതാം നമ്പർ ബൂത്തിലാണ്, 55.90%. 56 വോട്ടുകൾക്കു കഴിഞ്ഞ തവണ ബിജെപി ലീഡ് ചെയ്ത ബൂത്താണിത്.പോളിങ് ശതമാനം 55 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിലുള്ള 12 ബൂത്തുകളിൽ ഒൻപതെണ്ണത്തിലും കഴിഞ്ഞ തവണ ലീഡ് ചെയ്തതു ബി.ജെ.പിയാണ്.നഗരസഭയിൽ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെ വോട്ടുകളെല്ലാം പോൾ ചെയ്‌തെന്നു ബി.ജെ.പിയും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലെ കേഡർ വോട്ടുകളെല്ലാം മെഷീനിലായെന്നു സി.പി.എമ്മും തിരഞ്ഞെടുപ്പു കഴിഞ്ഞയുടനെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ ശക്തികേന്ദ്രമായ പിരായിരിയിൽ കഴിഞ്ഞ തവണത്തെക്കാൾ അഞ്ചു ശതമാനത്തോളം വോട്ട് കുറഞ്ഞുവെന്ന പ്രചാരണം യു.ഡി.എഫ് കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിരുന്നു. രാത്രി വൈകി കണക്കെടുത്തപ്പോൾ തങ്ങളുടെ മേഖലകളിലെ വോട്ടുകൾ പരമാവധി പോൾ ചെയ്തതായി കണ്ടെത്തിയതോടെയാണു വിജയപ്രതീക്ഷ പങ്കുവച്ചു നേതാക്കൾ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.