pambha

വടക്കഞ്ചേരി: വൃശ്ചികമാസം തുടങ്ങിയതോടെ വ്രതശുദ്ധിയുടെ നാളുകളിൽ മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് തീർഥാടകരുടെ പ്രവാഹമായി. മകരമാസത്തിലെ ജ്യോതിവരെ രണ്ടര മാസക്കാലം തീർഥാടകരെക്കൊണ്ടു നിറയും മംഗലംപാലവും പരിസരവും. മംഗലംപുഴയും തീർഥാടകർ ഇഷ്ടപ്പെടുന്ന നേന്ത്രക്കായ ചിപ്സിന്റെ വിപണിയുമാണ് ഇവിടം തീർഥാടകരുടെ ഇടത്താവളമായി മാറ്റുന്നത്. തീർത്ഥാടകരെ വരവേൽക്കാൻ വ്യാപാരികളും തയാറായിക്കഴിഞ്ഞു. കടകളുടെ മിനുക്കുപണികളും പെയിന്റിംഗ്, ദീപാലങ്കാരങ്ങളുമായി തീർഥാടകരെ ആകർഷിക്കാനുളള ജോലികൾ നടന്നുവരികയാണ്.
മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയോരത്തും തൃശൂർ പാലക്കാട് ദേശീയപാതയോരത്തുമായി മംഗലംപാലം ജംഗ്ഷനിൽ മാത്രം അമ്പതിലേറെ ചിപ്സ് കടകളുണ്ട്. ഹോട്ടലുകളും മറ്റു കടകളും വേറെ. സീസൺകടകളും ഇവിടെ നിറയും. റോഡിന്റെ വശങ്ങളിൽ കയർകെട്ടിതിരിച്ചും കമ്പുകൾനാട്ടിയും ബുക്കിംഗ് തകൃതിയാണ്. പാതയോര കൈയേറ്റങ്ങൾ ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി നേരത്തേ തന്നെ ബാരിക്കേഡുകൾ സ്ഥാപിച്ച് കച്ചവടം ഒഴിവാക്കിയിട്ടുണ്ട്.
ഈ വർഷം വലിയ പ്രതീക്ഷയാണുള്ളതെന്നു കച്ചവടക്കാർ പറയുന്നു. നല്ല സീസൺവർഷങ്ങളിൽ ഒരു കടയിൽതന്നെ പ്രതിദിനം ലക്ഷങ്ങളുടെ കച്ചവടം നടക്കും.
ചിപ്സിന്റെ വില്പന തന്നെയാണ് ഇതിൽ കൂടുതൽ. ഹലുവയും തീർഥാടകരുടെ ഇഷ്ടയിനമാണ്.
പാർക്കിംഗിനും പ്രാഥമികാവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങളുമുണ്ടെങ്കിൽ അത്തരം കടകളിൽ കച്ചവടം ഇരട്ടിയാകും. തീർഥാടകരുടെ ഒരു ബസ് കടയ്ക്കുമുന്നിൽ നിന്നാൽ ചുരുങ്ങിയത് ഇരുന്നൂറു കിലോയെങ്കിലും ചിപ്സ് ചെലവാകും. ചിപ്സ് ഉണ്ടാക്കുന്നതിനായി നാടൻ നേന്ത്രക്കായയ്‌ക്കൊപ്പം വയനാട്ടിൽനിന്നും ലോഡുകണക്കിനു നേന്ത്രക്കായയുടെ വരവുണ്ട്. തമിഴ്നാട് കായയും എത്തും. വെളിച്ചെണ്ണയുടെ ഉയർന്ന വില ചിപ്സ് വിലയും കൂട്ടും. 24 മണിക്കൂറും ഇനി ഇവിടത്തെ കടകൾ പ്രവർത്തിക്കും. ഷിഫ്റ്റ് ക്രമത്തിലാണ് കടകളിലെ ജീവനക്കാരുടെ ജോലി. പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപം ഉൾപ്പെടെ പുതിയ ചിപ്സ് കടകൾ നിരവധി വന്നെങ്കിലും അയൽസംസ്ഥാന തീർഥാടകർ മംഗലം പാലത്ത് എത്തിയാണ് നാട്ടിലേക്കുള്ള ചിപ്സ് വാങ്ങിമടങ്ങുക. ചിപ്സിനുള്ള വിലക്കുറവും വർഷങ്ങളായുള്ള തീർഥാടകരുടെ ബന്ധങ്ങളുമാണ് വിപണി സജീവമാക്കുന്നത്.