anganawadi

ചെലവ് 12 ലക്ഷം രൂപ

പട്ടാമ്പി: പാലക്കാട് ജില്ലയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ അങ്കണവാടിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. വിളയൂരിൽ മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പന്ത്രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി എം.എൽ.എ അനുവദിച്ചിട്ടുള്ളത്.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ മാറ്റി നിർത്തപ്പെടേണ്ടവരല്ലന്നെ പൊതു ബോധം സൃഷ്ടിക്കുക എന്ന ബൃഹത്തായ ഉദ്ദേശവും ഈ പദ്ധതിക്കുണ്ട്. ചെറുപ്രായത്തിൽ അഥവാ അങ്കണവാടിയിൽ നിന്നു തന്നെ ഭിന്നശേഷി സാദ്ധ്യതയുള്ള കുട്ടികളെ കണ്ടെത്തുകയും ഇത്തരം സ്‌പെഷൽ കുട്ടികളെ ശാസ്ത്രീയമായ പരിശീലനത്തിലൂടെ മെച്ചപ്പെട്ട ബാല്യം അവർക്ക് ഉറപ്പുവരുത്തുകയും മറ്റു കുട്ടികളോടൊപ്പം തന്നെ അവർക്ക് അങ്കണവാടി വിദ്യാഭ്യാസവും നൽകുക എന്നുള്ളതാണ് പദ്ധതിയുടെ കാഴ്ച്ചപ്പാട്. പുതിയതായി നിർമ്മിക്കുന്ന അങ്കണവാടിയിൽ വേവ്വേറെ ക്ലാസ്മുറികൾ ഇവർക്കായി സജ്ജമാക്കിയിട്ടുണ്ടെങ്കിലും, ബാരിക്കേഡുകൾ ഒന്നും ഇല്ലാതെ എല്ലാ കുട്ടികൾക്കും ഒരുമിച്ച് അങ്കണവാടി വിദ്യഭ്യാസ, സൗകര്യങ്ങൾ ലഭിക്കുന്ന രീതിയിലായിരിക്കും ഈ സെന്ററിന്റെ പ്രവർത്തനങ്ങൾ. ഫിസിയോതെറാപ്പി അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, വൈസ് പ്രസിഡന്റ് നൗഫൽ, വാർഡ് മെമ്പർ രാജി മണികണ്ഠൻ, മുരളി, മണികണ്ഠൻ എന്നിവരോടൊപ്പം മുഹമ്മദ് മുഹസിൻ എം.എൽ.എ പ്രസ്തുത സ്ഥലം സന്ദർശിച്ചു നിർമ്മാണ പുരോഗതി വിലയിരുത്തി.