
പാലക്കാട്:പാലക്കാടേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ബി.ജെ.പിയിൽ പടയൊരുക്കം . കൃഷ്ണദാസ് പക്ഷം ഉൾപ്പടെ നേതൃത്വത്തിന്റെ വീഴ്ചയ്‌ക്കെതിരെ രംഗത്തെത്തി. സുരേന്ദ്രൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നതും ചർച്ചയായിട്ടുണ്ട്. നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയരുന്നു.
സി.കൃഷ്ണകുമാറിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയതിൽ നേതൃത്വത്തിന് വീഴ്ച പറ്റി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സന്ദീപ് വാര്യരെ അപമാനിച്ച് ഇറക്കിവിട്ടതിന് പിന്നിലും ഔദ്യോഗിക പക്ഷത്തിന്റെ കടുംപിടുത്തമാണെന്നും വിമർശനമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാൻ സംസ്ഥാന പ്രസിഡന്റിന് സാധിച്ചില്ല. റോഡ് ഷോകളിൽ ആദ്യഘട്ടത്തിൽ നഗരസഭയിലെ കൗൺസിലർമാർ വിട്ടുനിന്നിരുന്നു. ഇവരെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാക്കാൻ നടപടി സ്വീകരിച്ചില്ല. തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ചർച്ച ചെയ്യാൻ അടിയന്തിര കോർ കമ്മിറ്റി വിളിക്കണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മുൻ മന്ത്രി രാജീവ് ചന്ദ്രശേഖറിനും കടുത്ത അതൃപ്തിയുണ്ട്.
തിരഞ്ഞെടുപ്പിൽ വർഗീയതയും കോഴയും കൂറുമാറ്റവുമാണ് ചർച്ചയായതെന്നും,. ഇതിനെ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു..
ബിജെപിയുടെ മേൽക്കൂര ശക്തിപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് എൻ ശിവരാജൻ പറഞ്ഞു.
ബി.ജെ.പി
നേതൃയോഗം നാളെ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബി.ജെ.പി നേതൃയോഗം നാളെ ചേരും. എറണാകുളത്താണ് യോഗം. പാലക്കാട്ടെ തോൽവിയുടെ പശ്ചാത്തലത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ആരോപണങ്ങളുയരുന്നതിനിടെയാണ് യോഗം. നേതൃമാറ്റം ചർച്ചയായേക്കും. പ്രസിഡന്റ് സ്ഥാനത്ത് 5 വർഷം പൂർത്തിയാക്കുന്ന സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയം ഏകപക്ഷീയമായിരുന്നുവെന്ന ആക്ഷേപം ഒരു വിഭാഗത്തിനുണ്ട്.