ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ പാർട്ടിയെ ബാധിക്കുന്ന പ്രശ്നങ്ങളെയല്ലെന്നും വ്യക്തികളുടെ താൽപര്യങ്ങളെ സംരക്ഷിക്കുന്നതിനു വെണ്ടിയുള്ള ചിലആളുകളുടെ നിലവിളിയായി അതിനെ കണക്കാക്കിയാൽ മതിയെന്നും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറഞ്ഞു. സി.പി.എം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി ഞായറാഴ്ച കൊഴിഞ്ഞാമ്പാറയിൽ വിമത കൺവെൻഷൻ ചേർന്നതിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ബാബു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പലരും വെല്ലുവിളിച്ചിട്ടുണ്ട്. അവരുടെയെല്ലാം സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്. സ്വന്തം താൽപര്യം മാത്രം സംരക്ഷിക്കാൻ വേണ്ടി പാർട്ടിയിൽ ചേർന്നവരുടെ പാർട്ടിയല്ല സി.പി.എം. പാർട്ടി എന്നുപറയുന്നത് ഒരാളുടെ നിയന്ത്രണത്തിൽ പത്തോ ഇരുപതോ ആളുകൾ ചേരുന്നതല്ല. പാർട്ടിക്കെതിരെ എത്ര നിലവിളിച്ചാലും അതെല്ലാം ഒറ്റപ്പെട്ട നിലവിളിയായി മാറും. അതൊന്നും ശ്രദ്ധിക്കാനുള്ള നേരം പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇല്ല. പാർട്ടിയെ വെല്ലുവിളിക്കാമെന്ന് കൊലകൊമ്പൻമാരായ പല ആളുകളും വിചാരിച്ചിട്ടും നടന്നിട്ടില്ല. പിന്നെയാണ് അഴുക്കുചാലിലെ പുഴുക്കൾ പൊലെയുള്ള ചില ആളുകൾ നിലവിളിക്കുന്നതെന്നും സുരേഷ്ബാബു പറഞ്ഞു.
കൊഴിഞ്ഞാമ്പാറ മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമായ എം.സതീഷ് ഉൾപ്പെടെയുള്ള ആളുകളാണ് വിമത കൺവെൻഷന് നേതൃത്വം നൽകിയത്. ആഴ്ചകൾക്കു മുമ്പ് കൊഴിഞ്ഞാമ്പാറയിൽ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ പ്രതിഷേധവുമായി പ്രവർത്തകർ കൺവെൻഷൻ ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഞായറാഴ്ച വീണ്ടും യോഗം ചേർന്നത്. കൊഴിഞ്ഞാമ്പാറ 2 ലോക്കൽ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും വിമത കൺവെൻഷനിൽ പങ്കെടുത്തു. 17 ബ്രാഞ്ച് സെക്രട്ടറിമാരിൽ 13 പേർ കൺവെൻഷനിൽ പങ്കെടുത്തതായി സതീഷ് പറഞ്ഞിരുന്നു.