മുതലമട: ഗ്രാമ പഞ്ചായത്തിൽ പ്രാദേശിക ജലവിതരണത്തിനായി നിർമ്മിച്ച വാട്ടർ ടാങ്കുകളും കിണറുകളും പാഴായി കിടക്കുന്നു. 20 വർഷം മുൻപ് നിർമ്മിച്ച വാട്ടർടാങ്കും 30 വർഷത്തിലധികം പഴക്കമുള്ള 25 ലധികം പൊതു കിണറുകളുമാണ് ഉപയോഗ ശൂന്യമായിരിക്കുന്നത്. പൊതുടാപ്പുകൾ ഉള്ള സമയത്ത് കിണറുകൾ കൃത്യമായി പരിചരിച്ചിരുന്നു. പൊതുടാപ്പുകൾ നിറുത്തലാക്കിയതോടെ കിണറുകളും ടാങ്കും ഉപയോഗശൂന്യമായി. കാമ്പ്രത്ത്ചള്ള, മാമ്പള്ളം, പെരുഞ്ചിറ തുടങ്ങിയ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഉപയോഗ ശൂന്യമായ 20 ലധികം കിണറുകളുള്ളത്.
പോത്താമ്പാടത്താണ് പകുതി പണികഴിപ്പിച്ച വാട്ടാർ ടാങ്കുള്ളത്.
നിലവിൽ പഞ്ചായത്തിലെ പ്രധാന ജലവിതരണ സ്രോതസ്സ് മീങ്കര കുടിവെള്ള പദ്ധതിയാണ്. കൂടാതെ വിവിധ പ്രദേശങ്ങളിൽ ജലനിധി ഉൾപ്പെടെയുള്ള പ്രാദേശിക കുടിവെള്ള പദ്ധതികളും നിലനിൽക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതു കിണറുകൾ ശുചീകരിച്ച് പ്രാദേശിക കുടിവെള്ള പദ്ധതിയുടെ കൂടെ സമ്മിശ്രമായി ഉപയോഗിക്കാൻ സാധ്യമാകും.
ഭൂരിഭാഗം പൊതുകിണറുകളും റോഡരികിലാണ് സ്ഥിതി ചെയ്യുന്നത്. കാമ്പ്രത്തിച്ചള്ളയിലെയും പെരുഞ്ചറയിലെയും കിണറുകൾ മാലിന്യം നിറഞ്ഞ് നശിച്ച നിലയിലാണ്. മാമ്പള്ളത്തെ പൊതു കിണറിൽ വെള്ളമുണ്ടെങ്കിലും കൂത്താടിയും മാലിന്യവും മൂലം ദുർഗന്ധം വമിക്കുന്നു. കിണറുകളുടെ ചുറ്റുമതിലും തൂണുകളും ജീർണ്ണിച്ച നിലയിലാണ്. കോൺക്രീറ്റ് പ്രതലങ്ങളെല്ലാം ദ്രവിച്ചു. നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരു കടന്നു പോകുന്ന റോഡരികിലെ ജീർണ്ണിച്ച കിണറുകൾ പരിപാലിക്കുകയോ അല്ലെങ്കിൽ നീക്കം ചെയ്യുകയോ വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം അവ വലിയ അപകടങ്ങളിലേക്ക് നയിക്കും.
അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് പൊതുകിണറുകളുടെയും വാട്ടർ ടാങ്കുകളുടെയും നാശത്തിന് കാരണമായത്. മിക്കതും ജീർണിച്ച അവസ്ഥയിലാണ്. പരിചരണം ഉണ്ടായിരുന്നെങ്കിൽ പ്രാദേശിക ജലവിതരണത്തിന് യോഗ്യമായേനെ.
ആർ.രാജേഷ്, യുവമോർച്ച മുതലമട മണ്ഡലം ജനറൽ സെക്രട്ടറി.