d

പാലക്കാട്: പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ് തോൽവിയിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാർട്ടി ഭരിക്കുന്ന നഗരസഭയുടെ അദ്ധ്യക്ഷ പ്രമീള ശശിധരൻ. സി.കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ തുടക്കത്തിൽ തന്നെ അതൃപ്തി ഉണ്ടായിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥി മാറിയാൽ നന്നായിരുന്നുവെന്നു നേതൃത്വത്തോട് പറഞ്ഞു. ജനങ്ങൾ വോട്ടു കൊടുക്കാത്തതിന് മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ, എപ്പോഴും ഒരേ സ്ഥാനാർത്ഥിയെയാണോ ബി.ജെ.പി നിറുത്തുന്നതെന്ന ചോദ്യം ഉയർന്നിരുന്നു. അതുകൊണ്ടാണ് സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. സി.കൃഷ്ണകുമാറുമായി നേതാക്കൾ സഹകരിച്ചില്ലെന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ല. മനസറിഞ്ഞ് കൃഷ്ണകുമാറിനായി വോട്ടു ചോദിച്ചു. പക്ഷേ, ജനങ്ങൾ വോട്ടു കൊടുത്തില്ല. അതിന് ഞങ്ങളെ പഴിച്ചിട്ടു കാര്യമില്ല. വാർഡുകളിൽ കൗൺസിലർമാർ കൃത്യമായി പ്രവർത്തിച്ചു. ആറും ഏഴും തവണ വാർഡുകളിൽ വോട്ട് ചോദിച്ചു. പക്ഷേ, ജനങ്ങൾക്ക് കൃഷ്ണകുമാറിന്റെ പേര് ഉൾകൊള്ളാനായില്ല. സംസ്ഥാന പ്രസിഡന്റ് പാലക്കാട് കേന്ദ്രീകരിച്ചു നല്ല പ്രവർത്തനം നടത്തിയിട്ടും ഫലമുണ്ടായില്ല. സന്ദീപ് വാര്യരെ ഇഷ്ടമുള്ളവരുണ്ടാകും. അദ്ദേഹം പാർട്ടി വിട്ടതു കുറച്ചൊക്കെ ബാധിച്ചിരിക്കാം.

ഇപ്പോഴത്തെ തോൽവിയിൽ നഗരസഭയെ പഴിക്കുന്നതിൽ യുക്തിയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാട് ശരിയല്ലെന്നും പ്രമീള വ്യക്തമാക്കി..

തോൽവിക്ക് കാരണം

ശോഭപക്ഷമെന്ന്

പാലക്കാട് തിരിച്ചടിയുണ്ടാവാൻ കാരണം ശോഭാ സുരേന്ദ്രൻ പക്ഷമാണെന്ന ആരോപണവുമായി കെ.സുരേന്ദ്രൻ പക്ഷം രംഗത്ത്. ശോഭയുടെ ഡ്രൈവർ വോട്ടമറിക്കാൻ കൂട്ടു നിന്നുവെന്നാണ് പ്രധാന ആരോപണം.അത്തരത്തിൽ വരുത്തിത്തീർക്കാൻ മുരളീധരൻ പക്ഷവും ശ്രമിക്കുന്നതായും ആരോപണമുണ്ട്.