
പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കും സി.പി.എമ്മിനും കോൺഗ്രസിനും നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകുന്നുണ്ട്. മണ്ഡലത്തിലേക്ക് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ 'കൈ'പിടിച്ച് കയറിയപ്പോഴും സംഘടനാതലത്തിൽ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നത് തിരിച്ചടിയായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് നേതൃത്വത്തിന് തലവേദനയാകും.
സംസ്ഥാന രാഷ്ട്രീയത്തിൽ ഇന്നുവരെയില്ലാതിരുന്ന ഗതിമാറ്റമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ ബി.ജെ.പി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, യു.ഡി.എഫ് തരംഗത്തിൽ പ്രതീക്ഷയുടെ ഗോപുരങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് കേരളം കണ്ടത്. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബി.ജെ.പിക്ക് അകത്ത് പടപ്പുറപ്പാറും തുടങ്ങി. അതിന്റെ തുടക്കമായിരുന്നു നഗരസഭ കൗൺസിലറും ദേശീയ നിർവാഹക സമിതി അംഗവുമായ എൻ.ശിവരാജനും നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, മുൻ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ എന്നിവരുടെ തുറന്നുപറച്ചിലുകൾ. അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. രണ്ട് തവണ നഗരസഭാഭരണം കൈപ്പിടിയിലൊതുക്കിയ ബി.ജെ.പിക്ക് അടുത്ത തവണ വിജയം ആവർത്തിക്കണമെങ്കിൽ സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പിൽ നഗരസഭാ പരിധിയിൽ 10000 ലേറെ വോട്ടുകൾ കുറഞ്ഞ് അത് വ്യക്തമാക്കുന്നുണ്ട്.
സി.പി.എം വോട്ടുകൾ വർദ്ധിപ്പിച്ചത് ഒഴിച്ചാൽ, നിലമെച്ചപ്പെടുത്താൻ കഴിയാത്തത് വലിയ തിരിച്ചടിയായി. നഗരസഭയിൽ ദുർബലരായി തന്നെ തുടരുന്നത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കും. മാത്തൂരും കണ്ണാടിയിലും പാർട്ടിവോട്ടുകളിൽ വിള്ളലുണ്ടായിട്ടുണ്ട്. ജനങ്ങൾ അവരുടെ ജീവൽ പ്രശ്നങ്ങളെ മുൻനിറുത്തി വോട്ടുചെയ്തുവെന്ന വിലയിരുത്തലുകൾ പാർട്ടിയിലെ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികൾക്കുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളെ ഇനിയും പാർട്ടിയും സർക്കാരും അഭിമുഖീകരിക്കാതെ മുന്നോട്ട് പോയാൽ അടുത്ത തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടികൾ നേരിടേണ്ടിവരുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ബി.ജെ.പിയിലെ പൊട്ടിത്തെറി
വിഭാഗീയതയുടെ ബാക്കിപത്രം
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബി.ജെ.പി ആദ്യമായാണ് വിജയിക്കുന്നു എന്ന റെക്കോഡ് സ്വന്തമാക്കുന്നതിന് പുറമെ രാഷ്ട്രീയത്തിൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ പാലക്കാട് വിജയം ബി.ജെ.പിയെ സഹായിക്കുമായിരുന്നു. ഇതിന് മുമ്പ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമം മണ്ഡലത്തിൽ ഒ. രാജഗോപാലിന്റെ വിജയംഒഴിച്ചാൽ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞടുപ്പുകളിലൊന്നും ബി.ജെ.പിക്ക് ജയിക്കാനായിരുന്നില്ല. അതിൽ നിന്നൊരു മാറ്റമാണ് പാർട്ടി പ്രതീക്ഷിച്ചിരുന്നത്. തൃശൂർ ലോക്സഭാ സീറ്റ് പിടിച്ചെടുത്തതിന് പിന്നാലെ പാലക്കാട് നിയമസഭാ സീറ്റും ബി.ജെ.പി വിജയിച്ചിരുന്നുവെങ്കിൽ അത് സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന അലയൊലികൾ വലുതാകുമായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പുഫലം കേരളത്തിൽ എൽ.ഡി.എഫിന് തിരിച്ചടിയായിരുന്നുവെങ്കിലും കോൺഗ്രസിന് ഞെട്ടൽ സമ്മാനിച്ചാണ് ഫലപ്രഖ്യാപനം കടന്നുപോയത്. സിറ്റിംഗ് സീറ്റായ തൃശൂർ ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയിലൂടെ ബി.ജെ.പി പിടിച്ചെടുത്തതിന്റെ ഞെട്ടൽ യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്ന് ഇനിയും വിട്ടുമാറിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ വേണം പാലക്കാട് തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം നോക്കിക്കാണാൻ. തൃശൂരിലേതുപോലെ പാലക്കാടും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. അവിടെ ശക്തമായ സംഘടനാ സംവിധാനമുള്ള പാർട്ടിയാണ് ബി.ജെ.പി. അവരെയാണ് ആഭ്യന്തര തർക്കങ്ങൾക്കിടയിലും യു.ഡി.എഫിന് നേരിടാനായത്. അടുത്തടുത്ത് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ താരതമ്യേനേ ശക്തികുറഞ്ഞ ഒരു രാഷ്ട്രീയ പാർട്ടിക്ക് മുന്നിൽ സിറ്റിംഗ് സീറ്റ് വിട്ടൊഴിയേണ്ടിവരിക എന്ന രാഷ്ട്രീയ വെല്ലുവിളിയാണ് കോൺഗ്രസ് മറികടന്നത്. 18,000 ത്തിന് മുകളിലുള്ള മികച്ച ഭൂരിപക്ഷം ഈ മധുരം ഇരട്ടിയാക്കുന്നു. 2016ൽ ഷാഫി പറമ്പിൽ നേടിയ 17,483 എന്ന ഭൂരിപക്ഷമാണ് രാഹുൽ മറികടന്നത്.
തൃശൂർ ലോക്സഭാ സീറ്റിലെ കുതിപ്പിന് പിന്നാലെ തൃശൂരിൽ നടത്തിയതിന് സമാനമായ പ്രവർത്തനമാണ് ബി.ജെ.പി പാലക്കാട്ടും നടത്തിയത്. പുതിയ വോട്ടർമാരെ ചേർക്കലും വീടുകയറി വോട്ട് ചോദിക്കലുമുൾപ്പെടെ കൃത്യമായി നടപ്പിലാക്കി. എന്നിട്ടും 2021ലെ പരാജയത്തിന് പകരം വീട്ടാൻ കഴിയാതെ പോയത് സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനുമേൽപ്പിക്കുന്ന തിരിച്ചടി വലുതാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ആകെ വിജയ പ്രതീക്ഷ വാനോളമുണ്ടായിരുന്നത് പാലക്കാടായിരുന്നു. ആ പ്രതീക്ഷയാണ് യു.ഡി.എഫ് തല്ലിക്കെടുത്തിയത്. 2021ൽ ഇ ശ്രീധരൻ നേടിയ 50,220 വോട്ട് നേടിയപ്പോൾ കൃഷ്ണകുമാറിന് 39,529 വോട്ടു മാത്രമേ നേടാനായുള്ളു.
ഉപതിരഞ്ഞെടുപ്പിലെ തോൽവിയെച്ചൊല്ലി പാലക്കാട് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറി കുറച്ചുകാലമായുള്ള വിഭാഗീയതയുടെ ബാക്കിപത്രമാണ്.
സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചന നടക്കമ്പോൾ തന്നെ, സ്ഥിരം മുഖങ്ങളെ ഒഴിവാക്കി കരുത്തുള്ളവരെ മത്സരിപ്പിച്ചാൽ പാലക്കാട് പിടിക്കാമെന്നായിരുന്നു ശോഭാ സരേന്ദ്രൻ പക്ഷത്തിന്റെ ഉറച്ച നിലപാട്. നാടിന്റെ വികാരം മാനിക്കാതെ തീരുമാനം നടപ്പാക്കുന്നുവെന്നു പരാതിപ്പെട്ട് തിരഞ്ഞെടുപ്പ് പ്രഭാരിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.രഘുനാഥും ശോഭാപക്ഷവും ഉടക്കിയിരുന്നു. ആർ.എസ്.എസ് പൂർണമായി രംഗത്തിറങ്ങുകയും പാർട്ടി വൻസന്നാഹത്തോടെ ശക്തമായി പ്രവർത്തിക്കുകയും ചെയ്തിട്ടും നാണംകെട്ട സാഹചര്യം ഉണ്ടായതിനു പ്രധാന കാരണം സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണെന്നു ശോഭാപക്ഷം ഉറച്ചു വിശ്വസിക്കുന്നു.
സ്ഥാനാർത്ഥിയെ സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിനു മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വന്നതു ജില്ലാ നേതൃത്വം ഔദ്യോഗിക പക്ഷത്തെ മാത്രമാണ് അറിയിച്ചതെന്ന് ആരോപണമുയരുകയും ഒരു വിഭാഗം നേതാക്കൾ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ശോഭാ സരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ടു ചിലർ നേതൃത്വത്തിനു കത്തയച്ചു. അല്ലെങ്കിൽ സംസ്ഥാന പ്രസിഡന്റ് മത്സരിക്കട്ടെ എന്നായിരുന്നു ആവശ്യം. കേന്ദ്രമന്ത്രി സരേഷ് ഗോപിയും ശോഭയെ പിന്തുണച്ചു. സർവേയിലും അവർക്കു മുൻഗണന ലഭിച്ചതായി ഒരു വിഭാഗം പറയുന്നു. പക്ഷേ, സ്ഥാനാർത്ഥിയായത് സി.കൃഷ്ണകുമാർ. തോൽവി സംബന്ധിച്ച് കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.
തുടർഭരണം
മുതൽ വിഭാഗീയത
ബി.ജെ.പി തുടർഭരണത്തലേറിയ അന്നു മുതൽ പാലക്കാട് നഗരസഭാ ഭരണസമിതിയിൽ വിഭാഗീയത ശക്തമാണ്. ഒരു നഗരസഭാംഗത്തിന്റെ നേതൃത്വത്തിലാണ് അന്നത്തെ ഭരണനേതൃത്വത്തെ നിയന്ത്രിച്ചിരുന്നതെന്നു പരാതിയുണ്ടായിരുന്നു. ഇഷ്ട അജൻഡകൾ പാസാക്കുക, മറ്റുള്ളതു പിടിച്ചുവയ്ക്കുക തുടങ്ങിയ ആരോപണങ്ങളും ഉയർന്നു. പ്രതിസന്ധി അതിരൂക്ഷമായി കുടുംബശ്രീ യൂണിറ്റുകളും ഭൂരിഭാഗം നഗരസഭാംഗങ്ങളും എതിരായപ്പോഴാണു പാർട്ടി നേതൃത്വം ഇടപെട്ടത്. തുടർന്ന് നഗരസഭാദ്ധ്യക്ഷയെ മാറ്റി. ആരോപണവിധേയനായ അംഗത്തിന്റെ ഇടപെടലിൽ ഇപ്പോഴും പാർട്ടിക്കകത്തെ അതൃപ്തി പരസ്യമാണ്. നഗരസഭാദ്ധ്യക്ഷയായിരുന്ന പ്രിയ അജയനെ തൽസ്ഥാനത്തു നിന്നു മാറ്റിയതിൽ ആ മേഖലയിലെ പ്രമുഖ വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു. അതു പരിഹരിക്കപ്പെട്ടില്ല.