
ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിലെ സി.പി.എമ്മിലെ വിഭാഗീയതയ്ക്ക് പിന്നാലെ ഒരു വിഭാഗം സമാന്തര പാർട്ടി ഓഫീസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ - പൊള്ളാച്ചി റോഡിൽ ഇ.എം.എസ് സ്മാരകം എന്ന പേരിലാണ് ഓഫീസ് തുറന്നത്.
ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ കലാപക്കൊടി ഉയർത്തി സി.പി.എം പ്രവർത്തകർ കഴിഞ്ഞമാസം രണ്ടുതവണ വിമത കൺവെൻഷൻ നടത്തിയിരുന്നു. മുൻ കോൺഗ്രസ് നേതാവിനെ ലോക്കൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ചാണ് 100 കണക്കിന് പേർ പങ്കെടുത്ത വിമത കൺവെൻഷൻ നടന്നത്. ജില്ലാ സെക്രട്ടറിക്ക് ധാർഷ്ട്യമാണെന്നും ഇത് അംഗീകരിക്കില്ലെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് പറഞ്ഞിരുന്നു. ഒരു വർഷം മുമ്പ് കോൺഗ്രസ് വിട്ടുവന്ന അരുൺ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറിയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. ജില്ലാസെക്രട്ടറി ഏകാധിപതിയെപോലെ പെരുമാറുകയാണെന്നും ധാർഷ്ട്യം അംഗീകരിക്കില്ലെന്നും സതീഷ് പറഞ്ഞിരുന്നു.
കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.മുഹമ്മദ് ഫാറൂഖ് നാട മുറിച്ചാണ് സമാന്തര പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഏരിയ കമ്മിറ്റി അംഗവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ എം.സതീഷ്, മുൻ ലോക്കൽ സെക്രട്ടറി വി.ശാന്തകുമാർ, മുൻ ലോക്കൽ കമ്മിറ്റി അംഗം എൻ.വിജയാനന്ദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ സുമേഷ്, ഫരീദ, എ.മുഹമ്മദ് ബഷീർ, എം.സദ്ദാം ഹുസൈൻ, എ.സുമേഷ് എന്നിവർ സംസാരിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിക്കുന്ന എല്ലാവർക്കും ഒത്തുചേരാനുള്ള സ്ഥലമായും ജനസേവ കേന്ദ്രമായും ഈ ഓഫീസ് പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് പറഞ്ഞു.