
കേട്ടുകേൾവി മാത്രമായിരുന്ന നരബലി പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്നതറിഞ്ഞ് കേരളം ലജ്ജിച്ചു നിന്നത് 2022 ഒക്ടോബർ 11-നാണ്. ഗാന്ധിജിയുടെ സന്ദർശനം കൊണ്ടും സാംസ്കാരിക തനിമയിലും കീർത്തികേട്ട നാടാണ് ഇലന്തൂർ! പക്ഷേ, നരബലിയുടെ നാടെന്ന ആക്ഷേപത്തിൽ ഇലന്തൂരിന് അന്ന് തലകുനിക്കേണ്ടിവന്നു. പിന്നീട് ഇലന്തൂർ വാർത്തകളിൽ നിറഞ്ഞത്, ലഡാക്കിലെ മഞ്ഞുമലയിൽ അൻപത്തിയാറ് വർഷം മുമ്പ് കാണാതായ സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചപ്പോൾ ഹൃദയം തൊടുന്ന ആദരവ് അർപ്പിക്കാൻ ദേശസ്നേഹത്തോടെ ഒത്തുചേർന്നാണ്. എങ്കിലും, രണ്ടുവർഷം പിന്നിട്ടിട്ടും ഇലന്തൂരിന്റെ ഓർമ്മകളിൽ നടുക്കത്തിന്റെ കറുത്ത ചോരപ്പാടായി നരബലി കേസ് ഇന്നും തെളിഞ്ഞുനില്ക്കുന്നു.
ആ ഒക്ടോബർ 11നു രാവിലെ മുതൽ പുളിന്തിട്ട - കാരംവേലി റോഡിൽ ഏകദേശം മദ്ധ്യഭാഗത്തായുള്ള കടകംപള്ളി വീട്ടിലേക്ക് നാട്ടുകാരും മാദ്ധ്യമങ്ങളുമായി വലിയ ആൾക്കൂട്ടമെത്തി. പകൽ പോലും ഇരുട്ട് മൂടിനിൽക്കുന്ന വീട്. ആൾപ്പൊക്കത്തിലുമേറെ കാടും പടർപ്പും വളർന്നു നിൽക്കുന്നു. വീട്ടിലേക്കുള്ള വഴിയുടെ ഇടതുവശത്ത് കാവും വിളക്കുതറയും. ആരെയും അകത്തേക്കു കടത്താതെ പൊലീസ് 'ഡു നോട്ട് ക്രോസ്" റിബൺ കെട്ടി. ബാരിക്കേഡുകൾ നിരന്നു.
നാട് ഞെട്ടിയ
ക്രൂരതകൾ
സമ്പത്ത് വർദ്ധിക്കാനും ഐശ്വര്യം ലഭിക്കാനുമായി ആഭിചാര ക്രിയകൾ നടന്നത് ഭഗവൽസിംഗ് എന്ന നാട്ടുവൈദ്യന്റെ കടകംപള്ളി വീട്ടിലാണെന്നറിഞ്ഞ് നാട് ഞെട്ടിത്തരിച്ചു. രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി തുണ്ടംതുണ്ടമാക്കി വീടിനു സമീപം രണ്ടു കുഴികളിലിട്ട് പൂജ നടത്തിയ സംഭവമാണ് പുറത്തുവന്നത്. മാംസം വേവിച്ച് ഭക്ഷിച്ചുവെന്ന അറപ്പുളവാക്കുന്ന വിവരം കേട്ടവരുടെയെല്ലാം മനസ് മരവിച്ചു.
എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ഷാഫി (52), ഇലന്തൂരിലെ നാട്ടുവൈദ്യൻ കെ.വി. ഭഗവൽസിംഗ് (67), രണ്ടാം ഭാര്യ ലൈല (58) എന്നിവരെ എറണാകുളം കടവന്ത്ര പൊലീസ് തലേന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇലന്തൂരിലെ കടകംപള്ളി വീട്ടിൽ തെളിവെടുപ്പിന് പ്രതികളെ എത്തിച്ചപ്പോഴാണ് ആ വിവരം നാട്ടുകാർ അറിയുന്നത്. മൂന്നു പ്രതികളും ചേർന്ന്, ലോട്ടറി വിൽപ്പനക്കാരായ കാലടി സ്വദേശി റോസ്‌ലി (49), തമിഴ്നാട് സദേശി പത്മം (52) എന്നിവരെയാണ് കൊലപ്പെടുത്തിയത്. രണ്ടുപേരെയും ഇലന്തൂരിലെത്തിച്ചത് ഷാഫിയായിരുന്നു.
പത്മത്തെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ കടവന്ത്ര പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് അമ്പരിപ്പിക്കുന്ന കൊലപാതങ്ങളുടെ ചുരുളഴിഞ്ഞത്. ഷാഫിയുടെ കാറിൽ പത്മത്തെ കയറ്റി പോകുന്ന സി.സി.ടിവി ദൃശ്യങ്ങളാണ് പൊലീസിനെ ഇലന്തൂരിലെത്തിച്ചത്. ഇതിനിടെ ആറന്മുള പൊലീസ് ഭഗവൽസിംഗിനെയും ഭാര്യ ലൈലയെയും കുറിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. മൂന്നു പേരെയും ചോദ്യം ചെയ്തപ്പോഴാണ് റോസ്‌ലിയെയും കൊലപ്പെടുത്തിയെന്ന വിവരം ലഭിച്ചത്. പുരോഗമനവാദിയായിരുന്ന ഭഗവൽസിംഗ് നാട്ടിലെ സാംസ്കാരിക പ്രവർത്തനങ്ങളിലൊക്കെ സജീവമായിരുന്നു. നല്ല പെരുമാറ്റംകൊണ്ടും തിരുമ്മു ചികിത്സാ മികവുകൊണ്ടും തികഞ്ഞ ജനസമ്മതൻ. കടുത്ത അന്ധവിശ്വാസിയായിരുന്ന ലൈല ദുർമന്ത്രവാദത്തിന്റെ ഫലസിദ്ധിയെക്കുറിച്ചു പറഞ്ഞ് ഭഗവൽസിംഗിന്റെ മനസ് മാറ്റിയെടുക്കുകയായിരുന്നു.
ഷാഫി എന്ന
കാട്ടാളൻ
ഒരിക്കൽ തിരുമ്മു ചികിത്സയ്ക്കായി എറണാകുളം ഭാഗത്തു നിന്ന് എത്തിയ ആളിന്റെ വാഹന ഡ്രൈവറായിരുന്ന ഷാഫി, കടകംപള്ളി വീടും പരിസരവും തന്റെ ക്രൂരകൃത്യങ്ങൾ നടപ്പാക്കാൻ പറ്റിയ ഇടമായി കണ്ടു. ഫെയ്സ്ബുക്കിൽ ശ്രീദേവി എന്ന പേരിൽ ഷാഫി ഭഗവൽസിംഗുമായി അടുത്തു. കെണിയിൽപ്പെട്ട ഭഗവൽസിംഗിനോട് സമ്പത്തും ഐശ്വര്യവും വർദ്ധിക്കാൻ പൂജകൾ നടത്തുന്ന സിദ്ധവൈദ്യൻ ഷാഫിയെക്കുറിച്ച് 'ശ്രീദേവി" പരിചയപ്പെടുത്തി. ഷാഫി ഇലന്തൂരിലെത്തി ഭഗവൽസിംഗിനെയും ഭാര്യ ലൈലയെയുംകണ്ട് തന്റെ വൈദ്യത്തെക്കുറിച്ച് പറഞ്ഞു.
ഇതിനിടയിൽ ലൈലയുമായി കൂടുതൽ അടുത്ത ഷാഫി തന്റെ വൈകൃതങ്ങൾക്ക് അവരെ ഉപയോഗിക്കുകയും ചെയ്തു. എല്ലാത്തിനും സാക്ഷിയായ ഭഗവൽസിംഗ് കൈവരുമെന്നു ധരിച്ച സമ്പത്തിൽ മാത്രം പ്രതീക്ഷയർപ്പിച്ച് എല്ലാം കണ്ടില്ലെന്നു നടിച്ചു. പണം നേടാനുള്ള മാർഗമായി സ്ത്രീകളെ ബലികൊടുത്ത് വിജയിച്ചെന്ന ഷാഫിയുടെ കള്ളക്കഥയിൽ ഭഗവൽ സിംഗും ലൈലയും വീണു. മന്ത്രവാദത്തിനുള്ള എല്ലാ ഏർപ്പാടുകളും താൻ തന്നെ ചെയ്തുകൊള്ളാമെന്നും, ഒന്നും പുറംലോകമറിയില്ലെന്നും ഷാഫി അവരെ സമർത്ഥമായി വിശ്വസിപ്പിച്ചു.
പാട്ടിലാക്കി,
ഇരകളാക്കി
എറണാകുളത്ത് ലോട്ടറി വിൽപ്പനക്കാരികളുമായി അടുപ്പമുണ്ടായിരുന്ന ഷാഫി ജോലി വാഗ്ദാനം ചെയ്തും സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞുമാണ് റോസ്‌ലിയെയും പദ്മത്തെയും പാട്ടിലാക്കിയത്. ജൂൺ എട്ടിന് രാത്രിയിൽ നടത്തിയ ആദ്യ ദുർമന്ത്രവാദത്തിൽ റോസ്‌ലിയെ ജീവനോടെ കെട്ടിയിട്ട് കഴുത്തറുത്ത് ബലിയർപ്പിക്കുകയായിരുന്നു. കട്ടപ്പന സ്വദേശിയായ ഭർത്താവുമായി വേർപിരിഞ്ഞ ഇവർ ആലപ്പുഴ കൈനടി സ്വദേശിയാണ്.
സെപ്തംബർ 26- ന് സേലം ധർമ്മപുരി സ്വദേശിനിയും എളംകുളം ഫാത്തിമ മാത ചർച്ച് റോഡിലെ ഒറ്റമുറിവീട്ടിൽ താമസക്കാരിയുമായ പദ്മത്തെയാണ് ബലികൊടുത്തത്. 56 കഷണങ്ങളാക്കിയ പദ്മത്തിന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. റോസ്‌ലിന്റെ അസ്ഥികൂടം അഞ്ചു കഷണങ്ങളായാണ് കിട്ടിയത്. മാംസ ഭാഗങ്ങൾ വേവിച്ച് ഭക്ഷിച്ചെന്നും ബാക്കിവന്നത് ഫ്രിഡ്ജിൽ സൂക്ഷിച്ചെന്നും പ്രതികൾ അന്വേഷണ സംഘത്തോടു പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങൾ കവർന്ന് വിറ്റു.
എറണാകുളം റൂറൽ എസ്.പിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. രണ്ട് കൊലപാതക കേസുകളും പ്രത്യേകം അന്വേഷിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ കുറ്റപ്രതം സമർപ്പിച്ചിരുന്നു. 150 സാക്ഷികളുണ്ട്. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് അന്വേഷണസഘം വ്യക്തമാക്കുന്നു. ക്രൂരമായ കൊലപാതകവും ആഭിചാര കർമ്മങ്ങളും നടത്തിയ പ്രതികൾ പുറത്തിറങ്ങാൻ പാടില്ലെന്ന നിരീക്ഷണത്തോടെ
കോടതി ജാമ്യം നിഷേധിച്ചിരുന്നു. എറണാകുളം ഇടമലയാർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഷാഫിയും ഭഗവൽസിംഗും വിയ്യൂർ സെൻട്രൽ ജയിലിലും ലൈല കാക്കനാട് ജയിലിലുമാണ്.