 
റാന്നി : അത്തിക്കയം ടൗണിൽ പഞ്ചായത്ത് കെട്ടിടത്തിന് മുന്നിലെ വളവിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് വിനയാകുന്നു. വളവിൽ റോഡിനു മദ്ധ്യത്തിലായി വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. മാസങ്ങളായി ഇത്തരത്തിൽ കിടന്നിട്ടും പൊതു മരാമത്ത് അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. അത്തിക്കയം -മടന്തമൺ - കടുമീൻചിറ - ചെമ്പനോലി എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയിലാണ് ഇത്തരത്തിൽ മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കുഴി രൂപപ്പെട്ടിരിക്കുന്നത്. വളവിൽ കുഴി ശ്രദ്ധയിൽ പെടാതെ ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നത് പതിവാണ്. കൂടാതെ മഴ പെയ്താൽ കാൽനട യാത്രക്കാർക്കു പോലും റോഡിലൂടെ നടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്. രണ്ടു മാസം മുമ്പ് അൽപ്പം മെറ്റൽ കുഴിയിൽ പാകിയിരുന്നെങ്കിലും ഇതു മഴയിൽ ഒലിച്ചു പോകുകയും വാഹനങ്ങൾ കയറി ഇറങ്ങി തെറിച്ചു മറ്റു ഭാഗങ്ങളിലേക്കും വീഴുകയും ചെയ്തു. ഇതോടെ ജനങ്ങൾക്ക് കൂടുതൽ ദുരിതമായി. താത്കാലിക പ്രവർത്തികൾ ചെയ്തു ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ റോഡിന്റെ നടുവിലെ അപകടക്കെണി പൂർണ്ണമായും ഒഴിവാക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
...............................
അധികൃതരുടെ അനാസ്ഥമൂലം ഇത്തരത്തിൽ റോഡിൽ രൂപപ്പെടുന്ന കുഴികൾ സമയാ സമയങ്ങളിൽ മൂടപ്പെടാതിരുന്നാൽ അത് ഒരുപാട് ജീവനുകൾക്ക് ഭീഷണിയാണ്. ടൗണിൽ യാത്രക്കാർക്ക് ഭീഷണിയാകുന്ന അപകട കുഴി എത്രയും വേഗം ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ പ്രധിഷേധ പരിപാടികളിലേക്ക് നീങ്ങും
(നാട്ടുകാർ )