
കോന്നി: സംഗീതത്തിലെ അവിഭാജ്യ ഘടകമായ ഹാർമോണിയം നിർമ്മിക്കുന്ന തിരക്കിലാണ് കോന്നി മഠത്തിൽകാവ് കൊട്ടകുന്നിൽ കല്ലുവിളയിൽ ഹരികുമാർ. ഭാരതീയ സംഗീതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഹാർമോണിയം സംസ്ഥാനത്തുതന്നെ നിർമ്മിക്കാൻ അറിയാവുന്നവർ വളരെ വിരളമാണ്. ഹരികുമാറിന്റെ അച്ഛൻ രാജപ്പൻ ആചാരി ഹാർമോണിയം നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ആളായിരുന്നു . എങ്കിലും അദ്ദേഹത്തിൽ നിന്നും ഹരികുമാറിന് നിർമ്മാണ വിദ്യ സ്വായത്തമാക്കുവാൻ കഴിഞ്ഞിരുന്നില്ല. കോട്ടയം സ്വദേശിയായ സംഗീത അദ്ധ്യാപകൻ ശിവരാമനെ സമീപിച്ചാണ് പഠിച്ചത്. തുടർന്ന് സരിഗ ഹാർമോണിയം വർക്സ് എന്ന പേരിൽ നിർമ്മാണം ആരംഭിച്ചു.
ഗൾഫ് രാജ്യങ്ങളിൽ നിന്നുപോലും ഹരികുമാറിനെ ആവശ്യക്കാർ സമീപിക്കാറുണ്ട്. ഇരുപതിനായിരം രൂപ മുതലാണ് ഒരെണ്ണത്തിന് വില. വളരെ ക്ഷമയുള്ളവർക്ക് മാത്രമേ ഇതിന്റെ നിർമ്മാണം സാദ്ധ്യമാകു എന്ന് ഹരികുമാർ പറയുന്നു. പ്രഗത്ഭരായ സംഗീത സംവിധായകർ പലരും പാട്ടിന്റെ ട്യൂൺ ചിട്ടപ്പെടുത്തുന്നത് ഹാർമോണിയം ഉപയോഗിച്ചാണ്. എന്നാൽ ശ്രുതിപ്പെട്ടിയുടെ വരവോടെ ഹാർമോണിയം വിസ്മരിക്കപ്പെടുന്നുമുണ്ട്. സിംഗിൾ റീഡ്, ഡബിൾ റീഡ്, ത്രിബിൾ റീഡ് എന്നിങ്ങനെ മൂന്ന് തരം ഹാർമോണിയം ആണ് നിലവിലുള്ളത്. തേക്കിൻ തടിയിലാണ് നിർമ്മാണം . ഇതിന്റെ മറ്റ് ഭാഗങ്ങൾ സംസ്ഥാനത്ത് ലഭിക്കാത്തതിനാൽ പൂനെയിൽ നിന്നാണ് എത്തിക്കുന്നത്.
വില 20000 മുതൽ