അടൂർ : സ്വകാര്യ ബസുകളുടെ അമിത വേഗത കാരണം കെ.പി റോഡിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം പഴകുളം ഭവദാസ് മുക്കിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസും അമിത വേഗതയിൽ ആയിരുന്നെന്ന് അതേ ബസിലെ തന്നെ യാത്രക്കാർ പറഞ്ഞു. സ്കൂൾ കുട്ടികൾ അടക്കം 25 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കായംകുളം - പുനലൂർ റോഡിൽ ചെറിയ സമയ വ്യത്യാസത്തിലാണ് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് ഉള്ളത്. രാവിലെയും വൈകിട്ടും തങ്ങളുടെ സമയത്തിനുള്ളിൽ ഓരോ സ്റ്റോപ്പിലേക്ക് ഓടിയെത്തുവാൻ ബസുകൾ തമ്മിൽ മത്സരമാണ്. ഇത്തരം മത്സര ഓട്ടങ്ങളാണ് അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത്. കൂടാതെ രാവിലെയും വൈകുന്നേരങ്ങളിലും റോഡിൽ മറ്റ് സ്വകാര്യ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ തങ്ങളുടെ കളക്ഷൻ കുറയ്ക്കും എന്ന ചിന്തയാണ് സ്വകാര്യ ബസ് ജീവനക്കാരെ മത്സരയോട്ടത്തിന് പ്രേരിപ്പിക്കുന്നത്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നു. മിക്ക ബസുകളിലും സ്പീഡ് ഗവർണർ പ്രവർത്തനക്ഷമമല്ല. ബസ് ജീവനക്കാർക്ക് ട്രാഫിക്ക് ബോധവത്കരണം നടത്തണമെന്നും മോട്ടോർ വാഹനവകുപ്പ് വാഹന അധികൃത‌ർ വാഹനപരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.