പ്രമാടം : കാലാവസ്ഥാ വ്യതിയാനത്തിന് പിന്നാലെ പ്രമാടത്ത് വീണ്ടും പനിയും അനുബന്ധ രോഗങ്ങളും വ്യാപകമാകുന്നു. ഡെങ്കിപ്പനിയും എച്ച്.വൺ എൻ വണ്ണും ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രക്തത്തിലെ കൗണ്ട് കുറഞ്ഞ് നിരവധി ആളുകൾ ചികിത്സയിൽ കഴിയുന്നുണ്ട്. കൊതുക് ശല്യം വ്യാപകമായതിനെ തുടർന്ന് വെള്ളം കെട്ടിനിൽക്കുന്നതിനും കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിനും കാരണമാകുന്ന എല്ലാ മാർഗങ്ങളും നിർജ്ജീവമാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. പകർച്ചപ്പനിയും ഡെങ്കിയും ബാധിച്ച് നിരവധി ആളുകൾ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുണ്ട്. പനിബാധിതരയിൽ ഡെങ്കി പരിശോധന കർശനമാക്കിയിട്ടുണ്ട്. സാധാരണ ഡെങ്കി , രക്തസ്രാവത്തോടെയുള്ള ഡെങ്കി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്കി എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്ന് രോഗാണുക്കളായ വൈറസുകൾ വ്യാപിക്കും.
ഇപ്പോൾ കണ്ടുവരുന്ന രോഗ ലക്ഷണങ്ങൾ
പെട്ടെന്നുള്ള കഠിനമായ പനി, തൊണ്ടവേദന, കഫക്കെട്ട്, രക്തത്തിൽ കൗണ്ട് കുറയൽ, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവയാണ് ഇപ്പോൾ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ.