പത്തനംതിട്ട: പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജനയുടെ ) നാലാം ഘട്ടത്തിലേക്ക് നവംബർ 15 നകം പേരുകൾ നിർദ്ദേശിക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. റോഡുകൾ നിലവിൽ ഇല്ലാത്ത 25,000 ജനവാസ മേഖലകളിൽ ഏതുകാലാവസ്ഥയിലും നിലനിൽക്കുന്ന ടാറിട്ട റോഡുകൾ ഭാരതമൊട്ടാകെ നിർമ്മിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് പുതുതായി റോഡുകൾ വെട്ടുവാനും, ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്. ഇതിനായി കേന്ദ്രഗ്രാമ വികസന മന്ത്രാലയം ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. പോർട്ടലിൽ ചേർക്കുന്ന റോഡുകളുടെ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് നിജസ്ഥിതി രേഖപ്പെടുത്തും. റോഡുകളുടെ കുറഞ്ഞ നീളം 500 മീറ്ററും, വീതി 6 മീറ്ററും ഉണ്ടാകേണ്ടതാണ്. സൗജന്യമായി സ്ഥലം വിട്ടുകൊടുത്താൽ റോഡുകൾ ഇല്ലാത്ത ഏത് ജനവാസ കേന്ദ്രങ്ങളിലേക്കും പുതുതായി റോഡുകൾ നിർമ്മിക്കാം. റോഡുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുത്ത് ഫ്രീ സറണ്ടർ ചെയ്ത് ജില്ലാതല കാര്യാലയങ്ങളിലേക്ക്‌കൈമാറേണ്ടതുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ ലൂടെ ഈ റോഡുകളുടെ അലൈൻമെന്റ് സർവ്വേ ജില്ലാതല കാര്യാലയങ്ങളിൽ നിന്നും ആരംഭിക്കുന്നതാണ്.
അതത് പ്രദേശത്ത് ഇത്തരത്തിലുള്ള നിർമ്മാണപ്രവൃത്തികൾ നടപ്പാക്കേണ്ടതുണ്ടെങ്കിൽ റോഡുകളുടെ പേര്, റോഡുകൾ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്, വാർഡ് നമ്പർ, റോഡുകളുടെ ഉദ്ദേശനീളം, വീതി, വീടുകളുടെ എണ്ണം, ബന്ധപ്പെടേണ്ട ജനപ്രതിനിധികളുടെ പേര്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തണം.
വിവരങ്ങൾ mppathanamthitta@gmail.com എന്ന ഇമെയിലിലേക്ക് അയക്കാവുന്നതാണ്.