ചെങ്ങന്നൂർ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മുഴുവൻ തീർത്ഥാടകർക്കും ദർശനം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ലക്ഷ്യമെന്ന് മന്ത്രി വി.എൻ വാസവൻ കഴിഞ്ഞ ആഴ്ച നടന്ന അവലോകന യോഗത്തിൽ പറഞ്ഞു. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞതായും മന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു.ചെങ്ങന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ ഓഫീസിനു സമീപം ഒരേ സമയം 100 തീർത്ഥാടകർക്ക് വിരി വയ്ക്കുന്നതിനുള്ള സ്ഥലം വാടകയ്ക്ക് ഏറ്റെടുക്കും. ശുദ്ധജല വിതരണ കേന്ദ്രങ്ങൾ ഒരുക്കും. നഗരസഭ ആബുലൻസും പാലിയേറ്റീവ് കെയർ വാഹനവും അടിയന്തര ഘട്ടത്തിൽ സജ്ജമാക്കും. താത്കാലികമായി 25 ശുചീകരണ തൊഴിലാളികളെയും സുരക്ഷാ ജീവനക്കാരെയും നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചു. ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കും. കച്ചവടക്കാർക്ക് താത്കാലിക ലൈസൻസ് നൽകും . അലോപ്പതി, ആയുർവേദ, ഹോമിയോ മെഡിക്കൽ സ്റ്റാളുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവർത്തിക്കും. റെയിൽ സ്റ്റേഷൻ പരിസരം യാചക നിരോധന മേഖലയായി പ്രഖ്യാപിക്കും.ഗ്രീൻ പ്രോട്ടോക്കേളിന്റെ ഭാഗമായി തീർത്ഥാടകർക്ക് പ്ലാസ്റ്റിക് സഞ്ചിക്കു പകരമായി തുണി സഞ്ചികൾ വിതരണം ചെയ്യും. ചെങ്ങന്നൂർ പൊലീസിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം ആരംഭിക്കും. റെയിൽവേ സ്റ്റേഷൻ, കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡ്, മഹാദേവ ക്ഷേത്രം എന്നീ സ്ഥലങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. റെയിൽ സ്റ്റേഷൻ പരിസരത്തെ പ്രീപെയ്ഡ് ടാക്സി കൗണ്ടർ സേവനം ഏറ്റെടുക്കും. പമ്പാ നദിയിൽ മിത്രപ്പുഴ കടവിൽ എയ്ഡ് പോസ്റ്റ് ആരംഭിക്കും. അപകട സാദ്ധ്യത ഉള്ളതിനാൽ പാറക്കടവിലേക്കുള്ള വഴിതീർത്ഥാടന കാലത്ത് അടയ്ക്കും. അമിത വില ഇടാക്കുന്നതിന് തടയാൻ പരിശോധന സ്ക്വാഡുകൾ രൂപീകരിക്കും. നഗരസഭ, താലൂക്ക് .സപ്ലൈ ഓഫീസ് എന്നിവയോട് ചേർന്ന് ഹോട്ടലുകളിലും ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തും. ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ 2000ലേറെ തീർത്ഥാടകർക്ക് വിരിവയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പത്തു കിടക്കകളോടു കൂടിയ ശബരിമല വാർഡ് ആരംഭിക്കും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ വകുപ്പിന്റെ കേന്ദ്രം തുറക്കുന്നതോടൊപ്പം മുഴുവൻ സമയ ആംബുലൻസ് സംവിധാനവും ഉണ്ടാകും. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഭക്ഷ്യപരിശോധന ഉണ്ടാകും. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മിത്രപ്പുഴ കടവിൽ 24 മണിക്കൂറും തയാറായ രണ്ടു സ്കൂബ ഡൈവറുമാരെ നിയമിക്കും. എക്സൈസ് വകുപ്പു 24 മണിക്കൂറും പ്രവർത്തി ക്കുന്ന കൺട്രോൾ റൂം ആരംഭിക്കും. തീർത്ഥാടന വഴിയിലെ പ്രധാന പാതകളിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ശബരിമലയിലേക്കുളള റോഡുകളുടെ പരിശോധന പൂർത്തിയായി. ചെങ്ങന്നൂർ ആർ.ഡി.ഒ യുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആർ.ഡി.ഒ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറക്കും.