
പത്തനംതിട്ട : നവയുഗ സിനിമകൾ കാഴ്ചയിലൂടെ മാത്രമല്ല പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ചറിയാൻ കഴിയുന്ന സാങ്കേതികവിദ്യയിലേക്ക് മാറുകയാണെന്ന് ചലച്ചിത്ര സംവിധായകൻ ആദി ബാലകൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കോന്നി എസ്.എൻ.ഡി.പി.യോഗം കോളേജിൽ സംഘടിപ്പിച്ച ചലച്ചിത്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം മാറിയിട്ടും സാങ്കേതിക വിദ്യ മാറിയിട്ടും നിശബ്ദ ചലച്ചിത്രങ്ങൾ ഇന്നും കാഴ്ചക്കാരുമായി സംവദിക്കുന്നു. അതിനാൽ പുതുതലമുറ സിനിമകൾ എന്ന് പറയാനാകില്ല. എന്നാൽ ആധുനിക ചലച്ചിത്ര സങ്കേതങ്ങളിലൂടെ പുറത്തുവരുന്നവയെ നവയുഗ സിനിമകൾ എന്ന് വിശേഷിപ്പിക്കാം. 3ഡി, 4ഡി, ഓഗ്മന്റഡ് റിയാലിറ്റി, വിർച്വൽ റിയലിറ്റി തുടങ്ങി ക്യാമറയില്ലാതെ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന പുതിയ സിനിമകളുടെ കാലത്ത് നാം എത്തിനിൽക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ.കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എഫ്.എഫ്.പി സംഘാടകസമിതി കൺവീനർ എം. എസ് .സരേഷ് മോഡറേറ്ററായി സംവിധായകൻ ശ്യാം അരവിന്ദം, ഡോ.ഷാജി.എൻ.രാജ്, ആദിത്യൻ എസ് എന്നിവർ സംസാരിച്ചു.