തിരുവല്ല : മികച്ച വിദ്യാഭ്യാസം നേടുന്നതോടൊപ്പം നല്ല പെരുമാറ്റ സംസ്കാരവും ശീലിക്കണമെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപൊലീത്ത പറഞ്ഞു. മാർത്തോമാ സുവിശേഷക സേവികാസംഘം വനിതാമന്ദിരത്തിന്റെ ശതാബ്‌ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപൊലീത്ത. നല്ലശീലങ്ങൾ ഇല്ലാത്തതിന്റെ ഭവിഷത്തുകൾ വർദ്ധിച്ചുവരുന്നത് കണ്ടില്ലെന്ന് നടിക്കരുത്. ഭാര്യാ ഭർത്താക്കന്മാർക്ക് ഒരുമിച്ചു ജീവിക്കാനും മക്കൾക്കായി സമയം കണ്ടെത്താനും കഴിയുന്നില്ല. ജീവനത്തിന്റെ പാഠങ്ങൾ പഠിക്കുന്ന ഇടമായി വനിതാമന്ദിരം മാറണമെന്നും അദ്ദേഹം പറഞ്ഞു. സംഘം പ്രസിഡന്റ് ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വീണാജോർജ് മുഖ്യസന്ദേശം നൽകി. മാത്യു ടി.തോമസ് എം.എൽ.എ, ഡോ.അശ്വതി ജോൺ, സേവികാസംഘം ജനറൽസെക്രട്ടറി റേച്ചൽ ജോർജ്, വനിതാമന്ദിരം പ്രിൻസിപ്പൽ ആനിതോമസ്, മുൻ പ്രിൻസിപ്പൽ സാറാമ്മ ഈപ്പൻ, അലുമ്നി അസോസിയേഷൻ സെക്രട്ടറി ലിനി സാറാ തോമസ്, മുൻ ജനറൽസെക്രട്ടറി സൂസമ്മ ജോർജ്ജ് മാത്യു, സംഘം വൈസ് പ്രസിഡന്റ് പ്രൊഫ. ഗീതാ ആനി ജോർജ്ജ്, ട്രഷറർ ജസി പണിക്കർ, വനിതാ ബോധിനി ചീഫ് എഡിറ്റർ സീനാ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.