daily

മന്ത്രി സ്ഥാനം വേണ്ട പകരം മലയോര ഗ്രാമങ്ങൾ ചേർത്ത് വച്ച് ഒരു ജില്ല. അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ സ്വതന്ത്ര എം.എൽ.എ ആയിരുന്ന കെ.കെ.നായർ പിന്തുണച്ചാൽ യു.ഡി.എഫിനു മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമായിരുന്നു. കെ.കെ.നായരെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാൻ തീരുമാനിച്ച കെ.കരുണാകരനോട് മന്ത്രി സ്ഥാനം വേണ്ടെന്നും പകരം പത്തനംതിട്ട ജില്ല അനുവദിച്ചാൽ പിന്തുണയ്ക്കാമെന്നും അറിയിച്ചതോടെ റവന്യു സെക്രട്ടറി മിനി മാത്യുവിനെ കമ്മിഷനായി നിയോഗിച്ചു ജില്ല രൂപീകരിച്ചു. കമ്മിഷൻ ശുപാർശ അനുസരിച്ചു കൊല്ലം ജില്ലയിലെ പത്തനംതിട്ട, അടൂർ, റാന്നി,കോഴഞ്ചേരി,കോന്നി പ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളും ചേർത്ത് 1982 നവംബർ ഒന്നിന് സംസ്ഥാനത്തെ 13–ാമത്തെ ജില്ലയായി പത്തനംതിട്ട രൂപികൃതമായി. 43 -ാം വയസിലേക്ക് എത്തുമ്പോഴും വികസനമടക്കം പ്രത്യേകിച്ചൊന്നും അവകാശപ്പെടാനില്ലാതെ മുമ്പോട്ട് പോകുകയാണ് പത്തനംതിട്ട.

വികസനം അകലെ

പത്തനംതിട്ട 43 -ാം വയസിലേക്ക് എത്തുമ്പോഴും വികസനം ഇപ്പോഴും അകലെയാണിവിടെ. പല പദ്ധതികളും ഇപ്പോഴും തുടങ്ങിയിടത്ത് നിന്ന് ഏറെ ദൂരം കടന്നിട്ടില്ല. അബാൻമേൽപ്പാലം നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നത് വ്യാപാരികളെ അടക്കം ദുരിതത്തിലാക്കിയിരിക്കുന്നു. ജില്ലാ ആസ്ഥാനത്തെ ആദ്യ മേൽപ്പാലമാണിത്. ജനറൽ ആശുപത്രി പുതിയ കെട്ടിട സമുച്ചയം നിർമ്മാണവും ഇഴഞ്ഞു നീങ്ങുന്നു. 2022 മാർച്ചിലാണ് മേൽപ്പാലം നിർമ്മാണം ആരംഭിച്ചത്.

കെ.കെ നായർ ജില്ലാ സ്റ്റേഡിയം നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് വാഗ്ദാനമെങ്കിലും കായിക താരങ്ങൾ ഇനിയെത്ര നാൾ കാത്തിരിക്കണമെന്ന് കണ്ടറിയണം.

പട്ടികജാതി വനിതകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനായി വെട്ടിപ്രത്ത് സ്ഥാപിച്ച സുബല പാർക്കിന്റെ നിർമ്മാണം മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. പദ്ധതി തയ്യാറാക്കുമ്പോൾ നാലരക്കോടിയായിരുന്നു നിർമ്മാണ ചെലവ്. 2018ൽ ആരംഭിച്ച കോഴഞ്ചേരി പാലംപണി 2021ൽ പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ കരാറിലുണ്ടായിരുന്നത്. പിന്നീട് നിരവധി കരാറുകൾ മാറി മറിഞ്ഞെങ്കിലും പദ്ധതി പൂർത്തികരിച്ചില്ല. ജില്ലാ ആസ്ഥാനത്തെ നിർമ്മാണം പൂർത്തിയാക്കിയ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകളിലെ കടമുറികൾ വർഷങ്ങളായി അടഞ്ഞ് കിടക്കുകയാണ്. സ്റ്റാൻഡുകളുടെ സ്ഥിതിയും ദുർബലം തന്നെ. മഴ പെയ്താൽ വെള്ളക്കെട്ടാണിവിടെ. ഇനിയും പുതുക്കി പണിയാത്ത കെ.എസ്.ആർ.ടി.സി ഗാരേജ് മഴവെള്ളത്തിൽ മുങ്ങിപോകും.

രൂക്ഷമായ യാത്രക്ലേശം ആണ് മറ്റൊരു പ്രധാന പ്രശ്‌നം. മലയോര മേഖലകളിൽ ആവശ്യത്തിന് ബസ് സർവിസ് ഇല്ല. കെ.എസ്.ആർ.ടി.സി മിക്ക റൂട്ടുകളിലേയും സർവീസുകൾ വെട്ടിക്കുറച്ചു. രാത്രി കാലങ്ങളിൽ ജില്ലാ ആസ്ഥാനത്തു നിന്ന് ബസ് സർവീസുകൾ കുറവാണ്. കാര്യമായ വ്യവസായ സ്ഥാപനങ്ങളും ജില്ലയില്ലില്ല. റബർ അധിഷ്ടിത വ്യവസായങ്ങർക്കും ഡയറി ഫാമുകൾക്കും നല്ല സാദ്ധ്യതയുള്ള സ്ഥലമാണ് പത്തനംതിട്ട. ജില്ലയിലെ മാലിന്യസംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു പ്രശ്നം. കാർഷികമേഖലയുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ പലതും കടലാസിൽ ഒതുങ്ങുകയാണ്.

ടൂറിസം സാദ്ധ്യതകൾ

കാടും കാട്ടരുവിയും പടയണിയും പള്ളിയോടങ്ങളും മലനിരകളും നിറഞ്ഞ പത്തനംതിട്ടയിൽ ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണുള്ളത്. പുറംലോകത്തിന് അറിയുന്നതും അല്ലാത്തതുമായ നിരവധി മനോഹര പ്രദേശങ്ങൾ ഇവിടെയുണ്ട്. പക്ഷെ ഫണ്ടിന്റെ അഭാവം കാരണമാക്കി പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും റോഡ് സൗകര്യം പോലുമില്ല.

പ്രതീക്ഷ

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന തിരുവല്ല റെയിൽവേ സ്റ്റേഷൻ ജില്ലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും. കേന്ദ്രസഹായത്തോടെ 13.51കോടി ചെലവഴിച്ചാണ് സ്റ്റേഷന്റെ വികസനം നടത്തുന്നത്. സ്റ്റേഷന്റെ എല്ലാഭാഗത്തും പൂർണമായും വെളിച്ചം എത്തിക്കാനുള്ള പ്രവർത്തികളും നടക്കുന്നു. ഈ വർഷം തന്നെ നവീകരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോന്നി ഗവ.മെഡിക്കൽ കോളേജിലെ അക്കാഡമിക് ബ്ലോക്കിൽ വിപുലമായ സംവിധാനങ്ങൾ നടപ്പിലാക്കി. 40 കോടി രൂപ ചെലവഴിച്ചാണ് നാല് നിലകളുള്ള അക്കാഡമിക് ബ്ലോക്ക് നിർമ്മിച്ചത്. 100 വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് അക്കാഡമിക് ബ്ലോക്ക് സജ്ജമാക്കിയത്. 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോന്നിയിൽ നടപ്പാക്കിയത്. ചെങ്ങന്നൂർ പമ്പ റെയിൽപ്പാതയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത് ജില്ലയ്ക്ക് ആശ്വാസമായ പദ്ധതിയാണ്. അങ്കമാലി എരുമേലി പാതയ്ക്ക് ബദലായാണ് ചെങ്ങന്നൂർ പമ്പ പാത. ശബരിമല ക്ഷേത്രത്തിന് നാല് കിലോമീറ്റർ അടുത്തെത്തും എന്ന പ്രത്യേകതയുമുണ്ട്. അങ്കമാലി എരുമേലി പാത 22 കിലോമീറ്റർ അകലെയേ എത്തൂ. ശബരിമല തീർത്ഥാടനകാലത്തെ റോഡ് ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും പമ്പ റെയിൽപാത വരുന്നതോടെ പരിഹാരമാകും. ചെങ്ങന്നൂർ - പമ്പ 50 മിനിട്ട് കൊണ്ട് എത്തും.

ആറൻമുള, കോഴഞ്ചേരി, ചെറുകോൽ, അട്ടത്തോട്, പമ്പ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ചെങ്ങന്നൂർ നഗരസഭ, മറ്റ് 16 പഞ്ചായത്തുകൾ എന്നിവയിലൂടെയാണ് പാത കടന്ന് പോകുക.