പത്തനംതിട്ട : നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളുടെ രഹസ്യമൊഴി കോടതി നേരിട്ട് രേഖപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിംഗ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. എറണാകുളം സ്വദേശിയായ ജയ്സിംഗ് വെള്ളിയാഴ്ച ഇമെയിൽ മുഖേനയാണ് പരാതി നൽകിയത്. മരണത്തിൽ സംശയം ഇല്ലെന്ന് എഫ്.ഐ.ആറിൽ ബോധപൂർവം എഴുതി ചേർത്തത് യഥാർത്ഥ തെളിവ് മറയ്ക്കുന്നതിന്റെ ഭാഗമാണെന്ന് പരാതിയിലുണ്ട്.

നവീൻ ബാബുവിന്റെ ബന്ധുക്കളുടെ അസാന്നിദ്ധ്യത്തിലും അനുമതി വാങ്ങാതെയും പോസ്റ്റ്മോർട്ടം നടത്തിയതിന് പിന്നിൽ വൻഗൂഢാലോചനയുണ്ട്.

കണ്ണൂർ ജില്ലാ കളക്ടർ ആദ്യം നൽകിയ മൊഴിയിൽ പറയാത്ത കാര്യങ്ങൾ പിന്നീട് പുതിയതായി പൊലീസിന് നൽകിയത് വിശ്വാസയോഗ്യമല്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം തന്നെ വ്യക്തമാക്കിയിരുന്നു. കേസിന്റെ അന്തിമ റിപ്പോർട്ടിൽ സാക്ഷിയായി ചേർക്കുവാനുള്ള ചില ഉന്നതരുടെ മൊഴികൾ പ്രതിക്ക് അനുകൂലമായെടുത്ത് കോടതിയിൽ എത്തിക്കാനും യഥാർത്ഥ തെളിവുകളെ മറയ്ക്കാനും ശ്രമങ്ങൾ നടക്കുന്നതിനാൽ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനെ കൊണ്ട് രേഖപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്. കുടുംബത്തിന്റെ യാത്രാസൗകര്യം പരിഗണിച്ച് പത്തനംതിട്ട ജില്ലയിലെ കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തി കണ്ണൂർ കോടതിക്ക് കൈമാറാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.