
റാന്നി : മണ്ണാറക്കുളഞ്ഞി - പമ്പ പാതയിൽ കൂനങ്കര ളാഹ മേഖലയിൽ റോഡിലേക്ക് വളർന്ന കാടും പടർപ്പും നീക്കം ചെയ്തു. ശബരിമല തീർത്ഥാടകർക്ക് ഭീഷണിയായി കാടു വളർന്നുനിൽക്കുന്നത് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. അപകട മേഖലയായ കൊടുംവളവിൽ ദിശാ ബോർഡുകൾ കാണാത്തവിധം കാട് വളർന്നിരുന്നു. ളാഹ പുതുക്കട മേഖലയിൽ റോഡിന്റെ ഇരുവശങ്ങളിലും കാടുനിറഞ്ഞത് വാഹനയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ശബരിമല തീർത്ഥാടകർക്ക് പുറമെ ളാഹ, പുതുക്കട, ചിറ്റാർ, നിലയ്ക്കൽ, അട്ടത്തോട് എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പെരുനാട്, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് എത്താനുള്ള പ്രധാനമാർഗമാണിത്. പ്രദേശത്ത് വന്യമൃഗ ശല്യവും പതിവാണ്. അത്തിക്കയം - പെരുനാട് റോഡിലെ കാടുകൾ നീക്കം ചെയുന്ന പണികളും തുടങ്ങി.