തിരുവല്ല : പുതിയലോകം ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള സ്ത്രീപക്ഷ ജാഗ്രതയും ബദൽഭാവനകളുമാണ് സ്ത്രീ സമൂഹം വളർത്തിയെടുക്കേണ്ടതെന്ന് മാർത്തോമാ സുവിശേഷക സേവികാസംഘം പ്രസിഡന്റ് ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ പറഞ്ഞു. മാർത്തോമ്മാ സുവിശേഷക സേവികാസംഘം പഠനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയ സ്വാധീനത്തിൽ അപക്വമായ തീരുമാനങ്ങളിലേക്ക് നയിക്കപ്പെടുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. ഏതൊരു മാറ്റത്തിന്റെയും നന്മ തിന്മകളെ തിരിച്ചറിയാനുള്ള വിവേകമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ട് ഉയർത്തുന്ന വെല്ലുവിളികളും വിശ്വാസത്തിന്റെ സ്ത്രീമാനങ്ങളും എന്ന വിഷയത്തിൽ പഠനങ്ങളും ചർച്ചകളും നടന്നു. ഡോ.അശ്വതി ജോൺ, റവ.സജീവ് തോമസ്, പ്രൊഫ.ശാന്തി മത്തായി, എലിസബേത്ത് മാമ്മൻ മത്തായി, പ്രൊഫ.റീജ ആനി സഖറിയാ, റിറ്റി ആനി തോമസ്, ഡോ.സൂസമ്മ മാത്യു, ആനി തോമസ്, റേച്ചൽ ജോർജ്, പ്രൊഫ.ഗീത ആനി ജോർജ്, ജെസ്സി പണിക്കർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.