തിരുവല്ല : തലമുറകളായി ചെളിവെള്ളത്തിൽ നീന്തി വീട്ടിലേക്ക് പോയിരുന്ന രാമചന്ദ്രനും കുടുംബത്തിനും സ്വപ്നസാഫല്യമായി. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വാഴപ്പറമ്പ് കോളനിക്ക് സമീപത്തെ ഈരേപറമ്പിൽ രാമചന്ദ്രനും ഭാര്യ ജലജമ്മയ്ക്കും മക്കളായ ഉല്ലാസിനും സ്നേഹചന്ദ്രനുമാണ് പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിൽ വഴിയൊരുങ്ങുന്നത്. തരിശുപാടത്തെ ചേറിലും ചെളിയിലും നീന്തിയും മഴക്കാലത്ത് വള്ളത്തിലുമായിരുന്നു ഇവർ സ്വന്തം വീട്ടിലേക്ക് പോയിരുന്നത്. സഞ്ചരിക്കാൻ നല്ലൊരു വഴി എന്ന ആവശ്യവുമായി പഞ്ചായത്ത് അധികാരികൾ ഉൾപ്പെടെയുള്ളവരെ പലതവണ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ ശൈലേഷ് കുമാറിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ഇവർക്ക് വഴികിട്ടാനായി നിവേദനം നൽകിയിരുന്നു. തുടർന്ന് മാത്യു ടി.തോമസ് എം.എൽ.എയുടെ വികസനഫണ്ടിൽ നിന്ന് 6.50ലക്ഷം രൂപ റോഡ് നിർമ്മിക്കാനായി അനുവദിച്ചു. എന്നാൽ റോഡ് നിർമ്മിക്കാൻ ഇവിടേക്ക് സാധനസാമഗ്രികൾ എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണം കരാറുകാർ പലരും ഒഴിവായി. കരാറുകാരി മഞ്ജു കെ.നായരാണ് വഴിയുടെ നിർമ്മാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. നിർമ്മാണം പൂർത്തിയാക്കിയ വാലുപറമ്പിൽ - ഈരേപറമ്പിൽ റോഡിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് കുമാർ, നെടുമ്പ്രം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് വിനയചന്ദ്രൻ, എൽ.ഡി.എഫ്. നെടുമ്പ്രം കൺവീനർ കെ.ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.