മല്ലപ്പള്ളി : മല്ലപ്പള്ളി ടൗണിൽ ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിന് റോഡ് സേഫ്റ്റി വർക്ക് എസ്റ്റിമേറ്റ് സമർപ്പിച്ചതായി പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സി.എൻജിനീയർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. ബസ് സ്റ്റാൻഡിന് മുൻപിലുള്ള ഓടയ്ക്ക് സ്ലാബുകൾ സ്ഥാപിച്ചു. കടമാൻകുളം ചെങ്ങരൂർ റോഡിൽ ഓർഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിന് മുൻപിൽ അപകടകരമായി നിൽക്കുന്ന വൈദ്യുതി തൂൺ മാറ്റാൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. മടുക്കോലി ജംഗ്ഷനിൽ വാണിംഗ് ലൈറ്റുകളും, സ്പീഡ് ബ്രേക്കിംഗ് സ്റ്റഡുകളും സ്ഥാപിച്ചിട്ടുള്ളതായി പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സി.എൻജിനീയർ അറിയിച്ചു. ടിപ്പറുകളുടെ പാച്ചിലിനെതിരെ കേസെടുത്ത് പിഴ ഈടാക്കിയിട്ടുള്ളതായി ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. പുറമറ്റം പഞ്ചായത്തിലെ കമ്പനിമലയുടെ മുകൾ ഭാഗത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിൽ വാട്ടർ അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കാൻ യോഗം നിർദ്ദേശിച്ചു. വെണ്ണിക്കുളം പോളിടെക്‌നിക്കിന് സമീപമുള്ള റോഡിലെ കാട് അടിയന്തരമായി വെട്ടണമെന്ന ആവശ്യമുയർന്നു. തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭ സ്ഥലത്തേക്കുള്ള വിവിധ റോഡുകളിലെ വാട്ടർ അതോറിറ്റി പണികൾ അടിയന്തരമായി പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. വൃന്ദാവനം എസ്.എൻ.ഡി.പി ജംഗ്ഷൻ അപകടമേലയാകുന്നതിനാൽ ഈ സ്ഥലത്ത് വാഹന വേഗത നിയന്ത്രണം സംവിധാനം ഏർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു അദ്ധ്യക്ഷത വഹിച്ചു. തഹസീൽദാർ ബിനുരാജ്.ടി,ഗീതാ ശ്രീകുമാർ ഉഷാ സുരേന്ദ്രനാഥ്, വിനീത് കുമാർ, സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണിൽ, ഷെറി തോമസ്, ഹബീബ് റാവുത്തർ ,വി.എസ്. സോമൻ, ബാബു പാലയ്ക്കൽ, ജയിംസ് വർഗീസ്, കോശി. പി. സക്കറിയ എന്നിവരും വിവിധ വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.