മല്ലപ്പള്ളി: വിദ്യാർത്ഥികളുടെ ജീവനു ഭീഷണിയായി നിയന്ത്രണം ലംഘിച്ച് ടിപ്പർ ലോറികൾ ഓടുന്നതായി പരാതി. നിയമങ്ങൾ കടലാസിൽ ഒതുക്കിയാണ് താലൂക്ക് പ്രദേശത്ത വിവിധ റോഡുകളിലൂടെ ടിപ്പർ ലോറികൾ ഓടുന്നത്. രാവിലെ 8.30 മുതൽ 10 വരെയും ഉച്ചയ്ക്കുശേഷം 3.30 മുതൽ 5 വരെയുമാണ് ജില്ലയിൽ ടിപ്പർ ലോറികൾ ഓടുന്നതിന് നിയന്ത്രണമുള്ളത്. ഈ സമയങ്ങൾക്കിടയിൽ ഗ്രാമീണ റോഡുകളിലും പ്രധാന നിരത്തുകളിലും കൂട്ടമായി എത്തുന്ന ടിപ്പർ ലോറികൾ കാൽ നടക്കാരായ വിദ്യാർത്ഥികളെയും മറ്റ് വഴിയാത്രികരെയും വകവയ്ക്കാതെയാണ് പായുന്നത്. സ്‌കൂൾ പ്രവർത്തനം തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിയമങ്ങൾ പാലിക്കുന്നില്ല. പാറക്കല്ലുകളും, പാറ ഉൽപ്പന്നങ്ങളും കൊണ്ടുപോകുമ്പോൾ അവയ്ക്ക് മുകളിൽ മൂടിയിടണമെന്നും ഇത് കൃത്യമായി കെട്ടി സുരക്ഷിതമാക്കണമെന്നും നിദ്ദേശമുണ്ടെങ്കിലും ഇതൊന്നുമില്ലാതെ പോകുന്നതും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. ഭാരം കയറ്റിയ ഭീമൻ ടിപ്പർ ലോറികൾ മറ്റ് വാഹനങ്ങളെയും കാൽ നടക്കാരെയും കാണാത്തവിധം കുതിച്ചു പായുകയാണ്. ഇരുചക്ര വാഹനയാത്രികരാണ് അപകടത്തിൽപ്പെടുന്നത് ഏറെയും. സമയക്രമം പാലിക്കാത്ത ടിപ്പർ ഡ്രൈവർമാർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
......................
നിയന്ത്രണ സമയത്ത് മല്ലപ്പള്ളി ടൗണിലൂടെ പായുന്ന ടിപ്പർ ലോറികൾക്കെതിരെ അധികൃതർ നടപടിയെടുക്കണം.
മനോജ് കുമാർ
(ഐ.ടി.എ വിദ്യാർത്ഥി)