
പത്തനംതിട്ട : തീർത്ഥാടന കാലത്ത് സേഫ് സോൺ പദ്ധതിക്കൊപ്പം ഇലവുങ്കൽ മുതൽ പമ്പവരെ ഒരു കിലോമീറ്റർ വീതം സ്ളോട്ടുകളായി തിരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇതിനായി ഓരോ സ്ലോട്ടിനും നമ്പർ നൽകും. ഇലവുങ്കൽ - പമ്പാ റോഡിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ മറ്റ് അപകടങ്ങളോ വന്യമൃഗശല്യമോ ഉണ്ടായാൽ തീർത്ഥാടകർക്ക് എവിടെയാണെന്ന് തിരിച്ചറിയുവാനും പൊലീസ് ഉൾപ്പെടുന്ന സുരക്ഷാ സേനാംഗങ്ങൾക്ക് വേഗത്തിൽ സ്ഥലത്തേക്ക് എത്തുന്നതിനുമാണ് പദ്ധതി. മുൻ വർഷങ്ങളിൽ വനമേഖലയിൽ തീർത്ഥാടകർക്ക് ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങൾ വേണ്ടിവന്നാൽ തങ്ങൾ എവിടെയാണ് നിൽക്കുന്നതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു നൽകുവാൻ കഴിഞ്ഞിരുന്നില്ല. ഇത് തീർത്ഥാടകർക്ക് മാനസിക സംഘർഷത്തിനും സേനാംഗങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും തടസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ പൊലീസ് , ഫോറസ്റ്റ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സ്പെഷ്യൽ കമ്മിഷണർ പദ്ധതിയുടെ ആവശ്യം ചൂണ്ടികാട്ടി വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ അനുമതിയോടെയാണ് പുതിയ പദ്ധതി പ്രാവർത്തികമാക്കുക.
നെറ്റ് വർക്ക് കവറേജ് ലഭ്യമാക്കും
ഇലവുങ്കൽ മുതൽ സന്നിധാനം വരെ തടസമില്ലാതെ എല്ലാ മൊബൈലുകൾക്കും നെറ്റ് വർക്ക് കവറേജ് ലഭ്യമാക്കാൻ നീക്കംതുടങ്ങി. നിലവിൽ അട്ടത്തോട് കഴിഞ്ഞാൽ പമ്പയിലും അപ്പാച്ചിമേട് ടോപ്പ് വരെയും ബി.എസ്.എൻ.എൽ നെറ്റ് വർക്ക് മാത്രമാണ് ഉള്ളത്. ഇതുമൂലം നിലക്കലിൽ വാഹനങ്ങൾ പാർക്കു ചെയ്തു വരുന്നവർക്ക് ഡ്രൈവർമാരുമായി ബന്ധപ്പെടുന്നതിനോ കൂട്ടം തെറ്റുന്നവർക്കും മൊബൈൽ ഫോണിലൂടെ ബന്ധപ്പെട്ട് കണ്ടുമുട്ടുവാൻ കഴിയുന്നില്ല. ശരണപാതയിലുൾപ്പടെ നെറ്റ് കവറേജ് ഏർപ്പെടുത്തുവാൻ സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ദേവസ്വം ബോർഡ് മൊബൈൽ കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്.