ചെങ്ങന്നൂർ: പരുമല തീർത്ഥാടന കാലത്തെ റോഡരുകിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭാ മെഗാ ശുചീകരണം നടത്തി. നഗരസഭാ ആരോഗ്യ വിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രീതചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് 6 മണിക്കൂർ കൊണ്ട് നഗരത്തിന്റെ സുപ്രധാന ഭാഗങ്ങൾ ശുചീകരിച്ചത്. നഗരസഭ ആരോഗ്യ വിഭാഗം ശുചീകരണ തൊഴിലാളികളും ഹരിത കർമ്മ സേനാംഗങ്ങളും ഉൾപ്പെടെ 50 ഓളം പേർ ചേർന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് നഗരം ശുചീകരിച്ചത്. റോഡരുകിൽ പദയാത്രികർക്ക് വിവിധ സന്നദ്ധ സംഘടനകളും, വ്യക്തികളും സ്ഥാപനങ്ങളും നൽകിയ ഭക്ഷണപാനീയങ്ങളുടെ അവശിഷ്ടങ്ങൾ, ഇവയുടെ കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവയാണ് വഴിയോരങ്ങളിൽ നിന്ന് നീക്കം ചെയ്തത്. എം.സി. റോഡ്, കോഴഞ്ചേരി റോഡ്, പാണ്ടനാട് റോഡ്, ബഥേൽറോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലാണ് നഗരസഭാ മെഗാ ശുചീകരണം നടത്തിയത്. ശുചീകരണ പ്രവർത്തനങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ചിട്ടയായി പൂർത്തീകരിച്ച ആരോഗ്യ വിഭാഗത്തേയും ശുചീകരണ തൊഴിലാളികളേയും ഹരിത കർമ്മ സേനാംഗങ്ങളേയും നഗരസഭാ ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരി, സെക്രട്ടറി ടി.വി.പ്രദീപ് കുമാർ, ക്ലീൻ സിറ്റി മാനേജർ എം.ഹബീബ് എന്നിവർ സംസാരിച്ചു.