
അടൂർ : തെക്കൻ ജില്ലകളിൽ നിന്ന് എം.സി റോഡിലൂടെയും പടിഞ്ഞാറ് ഭാഗത്ത് നിന്ന് കെ.പി റോഡിലൂടെയും വരുന്ന ശബരിമല തീർത്ഥാടകരിൽ ഭൂരിഭാഗവും ആശ്രയിക്കുന്ന ഇടത്താവളങ്ങളിൽ ഒന്നാണ് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലേത്.
വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയായി നിരവധിപേർ ഇടത്താവളത്തെ ആശ്രയിക്കാറുണ്ട്. എന്നാൽ ഇവിടെ തീർത്ഥാടകർക്കായി ഒരുക്കുന്ന ഇടത്താവളം ഊട്ടുപുരയിൽ ഒതുങ്ങുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തെ ഇടത്താവളമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനായി പ്രത്യേകം കെട്ടിട സൗകര്യമില്ല. തീർത്ഥാടന കാലത്ത് അയ്യപ്പന്മാർക്ക് വിശ്രമിക്കാൻ ഊട്ടുപുര തുറന്ന് നൽകുകയാണ് പതിവ്. മറ്റു അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. ഡെസ്കും കസേരയും ഇവിടെ തന്നെയാണ് സൂക്ഷിക്കുന്നത്. ഭിത്തികൾ വിണ്ടുകീറിയും മേൽക്കൂര തകർന്ന നിലയിലുമാണ്. ടോയ്ലറ്റ് സൗകര്യവും പരിമിതമാണ്.
ദിവസവും 500ൽ അധികം അയ്യപ്പഭക്തന്മാർ എത്താറുണ്ട്. ക്ഷേത്രത്തിന്റെ പുറത്തായി കാടുപിടിച്ച് കിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തിയാൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കാനാകും. ഇവിടെ ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും ശല്യവുമുണ്ട്.
എം.സി റോഡരികിൽ ഇത്രയധികം അയ്യപ്പ ഭക്തന്മാർ ദിവസേന വന്നുപോകുന്ന ക്ഷേത്രമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തത് വലിയ ബുദ്ധിമുട്ടാണ്. അടിയന്തരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
പ്രേംചന്ദ്,
പാർത്ഥസാരഥി ക്ഷേത്രം പ്രസിഡന്റ്