
ഇലവുംതിട്ട: മൂലൂർ സ്മാരക സമിതിയുടെയും ഇലവുംതിട്ട ശ്രീനാരായണ ധർമ്മ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രയുടെ സ്വാഗതസംഘം രൂപീകരിച്ചു. ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച ഇലവുംതിട്ടയിലെ സരസകവി മൂലൂർ.എസ്.പത്മനാഭ പണിക്കരുടെ വസതിയായിരുന്ന കേരളവർമ്മ സൗധത്തിൽ നിന്ന് ഡിസംബർ 25ന് ആരംഭിക്കുന്ന പദയാത്രയുടെയും ഗുരുദേവ വിഗ്രഹ രഥഘോഷയാത്രയുടെയും നടത്തിപ്പിനായുള്ള സ്വാഗതസംഘമാണ് രൂപീകരിച്ചത്.
മൂലൂർ സ്മാരക കമ്മിറ്റി പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.സി.രാജഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.സി.രാജഗോപാലൻ മുഖ്യ രക്ഷാധികാരിയായും പ്രൊഫ.ഡി.പ്രസാദ് രക്ഷാധികാരിയായും മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ചെയർമാനായും പി.ശ്രീകുമാർ ജനറൽ കൺവീനറുമായുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പദയാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള പീതാംബരദീക്ഷ ഡിസംബർ 15ന് നടക്കും. 25ന് ആരംഭിക്കുന്ന വിഗ്രഹ രഥഘോഷയാത്ര സമീപ പ്രദേശങ്ങളിലെ ഗുരുദേവ മന്ദിരങ്ങളിൽ പര്യടനം നടത്തും. 26ന് രാവിലെ പദയാത്ര കേരളവർമ്മ സൗധത്തിൽ നിന്ന് ആരംഭിച്ച് 29ന് രാവിലെ ശിവഗിരിയിലെത്തും.