
റാന്നി : കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ മണിയർ ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ കഴിയാതിരുന്നത് അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആക്ഷേപം. കാലപ്പഴക്കം ചെന്ന ഷട്ടറുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് രണ്ടുവർഷം മുൻപ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതാണ്. പുതിയ ഷട്ടറുകൾ അടുത്തിടെ മണിയാറിൽ എത്തിച്ചെങ്കിലും പണി തുടങ്ങാൻ വൈകിയത്, പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി വെള്ളം ഷട്ടറുകൾക്ക് മുകളിലൂടെ ഒഴുകാൻ കാരണമായി. ഷട്ടറുകളുടെ പണികൾ തുടങ്ങാൻ വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കഴിഞ്ഞ മേയിൽ കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. ഡാമിലെ ജലനിരപ്പ് താഴ്ന്ന സമയങ്ങളിലാണ് പുതിയ ഷട്ടറുകൾ സ്ഥാപിക്കേണ്ടത്. ജൂലായ് അവസാനമാണ് പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്ന പണി ആരംഭിച്ചത്. സെപ്തംബറിൽ തീർക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞതെങ്കിലും അൻപത് ശതമാനം പോലും പൂർത്തിയായില്ല. തുലാവർഷം ശക്തമായപ്പോഴും ധൃതിപ്പെട്ട് പണികൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം പുതിയ ഷട്ടറുകളുടെ ഇലക്ട്രിക് വെൽഡിംഗും ഗ്യാസ് വെൽഡിംഗും ഒരേ സമയത്ത് നടന്നതിനാൽ ഷട്ടറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
ഉൾവനത്തിൽ കനത്തമഴ
കഴിഞ്ഞ രണ്ടുദിവസമായി ഉൾവനത്തിൽ മഴ കനത്തതോടെ കാക്കാട്ടാറിൽ ജലനിരപ്പ് ഉയർന്ന് ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. മണിയാറിന് മുകളിലുള്ള കാരികയം, അള്ളുങ്കൽ ഡാമുകളിലെ ഷട്ടറുകൾ ഉയർത്തി. ഇവിടെ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് മണിയാർ ഡാമിലെ ജലനിരപ്പ് പെട്ടന്ന് ഉയരാൻ കാരണമായത്. മണിയാറിലെ ഷട്ടറുകൾ ഉയർത്താൻ നടത്തിയ ശ്രമത്തിനിടെ വൈദ്യുതി തകരാർ ഉണ്ടായതും പ്രതിസന്ധിക്ക് കാരണമായി.
ഡാം കമ്മിഷൻ ചെയ്തത് 1979ൽ
കക്കാട്ടാറിൽ നിർമ്മിച്ച മണിയാർ ഡാം 1979 ഫെബ്രുവരിയിലാണ് കമ്മിഷൻ ചെയ്തത്. പതിനെട്ട് അടിയാണ് ഉയരം. ഡാമിൽ നിന്നുള്ള വെളളം 500 മീറ്റർ അകലെയെത്തിച്ച് സ്വകാര്യ കമ്പനിയായ കാർബറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.