temple-

കോന്നി : ശബരിമല ഇടത്താവളമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രമായ കോന്നി മുരിങ്ങമംഗലം മഹാദേവക്ഷേത്രത്തിൽ ഒരുക്കങ്ങളായിട്ടില്ല. ഇടത്താവളത്തിന്റെ ബോർഡുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ക്ഷേത്ര പരിസരത്തെ കാടുകൾ നീക്കിയില്ല. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് രണ്ട് വിശ്രമകേന്ദ്രങ്ങളാണ് ക്ഷേത്ര പരിസരത്ത് നിർമ്മിച്ചിട്ടുള്ളത്. ഇത് പൊടിപിടിച്ചും കരിയിലകൾ നിറഞ്ഞും കിടക്കുകയാണ്. ശുചിമുറി, ടാപ്പുകൾ, ബൾബുകൾ, സ്വിച്ചുകൾ എന്നിവയെല്ലാം അറ്റകുറ്റപ്പണികൾ നടത്തി ക്രമീകരിക്കേണ്ടതുണ്ട്. ക്ഷേത്രത്തിനു സമീപത്ത് അച്ചൻകോവിലാറ്റിലെ സഞ്ചായത്ത് കടവിലാണ് തീർത്ഥാടകർ കുളിക്കുന്നത്. കടവ് വൃത്തിയാക്കി തീർത്ഥാടകരുടെ സുരക്ഷയ്ക്കായി ലൈഫ് ഗാർഡിനെയും നിയമിക്കേണ്ടതുണ്ട്. ക്ഷേത്രത്തിലെ സദ്യാലയത്തിന്റെ മുൻപിലെ ഗ്രൗണ്ടാണ് തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനായി ഉപയോഗിക്കുന്നത്. ഇവിടെ തെരുവ് നായ്ക്കളുടെയും ഇഴജന്തുകളുടെയും ശല്യമുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള തീർത്ഥാടകരാണ് കൂടുതലായി ഇവിടെയെത്തുന്നത്.

കാടുകൾ തെളിച്ചില്ല

തമിഴ്നാട്ടിൽ നിന്ന് അച്ചൻകോവിൽ വഴി കാനനപാതയിലൂടെ കോന്നിയിൽ എത്തി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിശ്രമിച്ച് അട്ടച്ചാക്കൽ, ആഞ്ഞിലിക്കുന്ന്, കിഴക്കുപുറം, മലയാലപ്പുഴ വഴി വടശ്ശേരിക്കരയിലേക്കും തുടർന്ന് പമ്പയിലേക്കുമാണ്‌ തീർത്ഥാടകർ കാൽനടയായി പോകുന്നത്. ഈ പാതയിലെ ആഞ്ഞിലിക്കുന്ന് മുതൽ മലയാലപ്പുഴ വരെയുള്ള ഭാഗങ്ങളിൽ റോഡിനിരുവശവും കാടുകൾ വളർന്നുനിൽക്കുകയാണ്. കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് പ്രദേശം. ഇത്തവണ ഇവിടെ കാടുകൾ തെളിക്കാനും നടപടി സ്വീകരിച്ചിട്ടില്ല.

ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം തീർത്ഥാടന അവലോകനയോഗം ചേർന്നിരുന്നു. മുരിങ്ങമംഗലം ഇടത്താവളത്തിൽ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും.

ആനി സാബു

(കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )

തീർത്ഥാടകർ കാൽനടയായി യാത്രചെയ്യുന്ന ആഞ്ഞിലികുന്ന്, കിഴക്ക് പുറം, മലയാലപ്പുഴ റോഡിന്റെ ഇരുവശവും കാടുകൾ വളർന്നു. ഇവ നീക്കംചെയ്ത് തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുവാൻ കോന്നി, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകൾ നടപടി സ്വീകരിക്കണം.

പ്രകാശ് കിഴക്കുപുറം, (പൊതുപ്രവർത്തകൻ)