girl

പത്തനംതിട്ട : കുമ്പഴയിൽ അഞ്ചുവയസുകാരി തമിഴ് ബാലികയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പറയും. പത്തനംതിട്ട അഡി. ജില്ലാ കോടതി -1 ൽ ആണ് വിധി പ്രസ്താവം നടത്തുക. രാജപാളയം സ്വദേശി രണ്ടാനച്ഛൻ അലക്സ് പാണ്ഡ്യൻ മർദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചുമാണ് കുട്ടിയെ കൊന്നത്. കൊടുംക്രൂരതകാട്ടിയ പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെൺകുട്ടിയുടെ അമ്മയും കുമ്പഴയിലെ നാട്ടുകാരും.

2021 ഏപ്രിൽ 5 ഉച്ചയ്ക്ക് 2.30

കുട്ടിയുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയ അമ്മയുടെ മൊഴിയിലാണ് സംഭവം കൊലപാതകമെന്ന് തിരിച്ചറിയുന്നത്. രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് അവർ പൊലീസിനോട് പറഞ്ഞു. ആശുപത്രിയിലെത്തുന്നതിന് മുമ്പേ അഞ്ചു വയസുകാരിക്ക് ജീവൻ നഷ്ടമായിരുന്നു. അമ്മയും രണ്ടാനച്ഛനും പെൺകുട്ടിയും കുമ്പഴയിലെ വീട്ടിലായിരുന്നു താമസം.

സമീപത്തെ വീട്ടിൽ അടുക്കള ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ ചലനമറ്റ് കിടക്കുന്ന മകളെയാണ് കണ്ടത്. വിവരം തെരക്കിയപ്പോൾ അലക്‌സ് പാണ്ഡ്യൻ അവരെയും മർദ്ദിച്ചു. തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് അമ്മയേയും മകളെയും ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിലും ശരീരഭാഗങ്ങളിലും മൂർച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞതിന്റെ മുറിവേറ്റ പാടുകളുണ്ടായിരുന്നു.

കസ്റ്റഡിയിൽ നിന്ന് കടന്ന്

അറസ്റ്റ് ചെയ്തതിന് ശേഷം രാത്രി 12ന് കൈവിലങ്ങോടെ അലക്സ് പാണ്ഡ്യൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞിരുന്നു. പ്രാഥമികാവശ്യം നിർവഹിക്കുന്നതിനായി സ്റ്റേഷന് പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് കടന്നത്.

അടുത്ത ദിവസം രാവിലെ ആറിന് കുലശേഖരപേട്ടയിൽ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി. ആർ.നിശാന്തിനി ആയിരുന്നു അന്ന് ജില്ലാ പൊലീസ് മേധാവി.

ശരീരത്തിൽ 60 മുറിവുകൾ

കുട്ടിയുടെ രഹസ്യഭാഗങ്ങളിലെ നീർക്കെട്ട് ലൈംഗിക പീഡനത്തിന് ഇരയായത് മൂലമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം. ശരീരത്തിൽ അറുപത് മുറിവുകളുണ്ടായിരുന്നു. കത്തി, സ്പൂൺ എന്നിവ ഉപയോഗിച്ചാണ് മുറിവേൽപ്പിച്ചത്. മൃതദേഹം പത്തനംതിട്ട നഗരസഭാ ശ്മശാനത്തിലാണ് സംസ്കരിച്ചത്.