അടൂർ : ഗുജറാത്ത് സ്വദേശികളുമായി വിനോദയാത്ര പോവുകയായിരുന്നു ബസിൽ തീ പടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ഏനാത്ത് മഹർഷികാവ് ജംഗ്ഷന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. 30 പേർ ബസിലുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു. പുക ഉയരുന്നത് കണ്ട് ആളുകൾ ഡ്രൈവറെ അറിയിച്ചതോടെ ബസ് നിറുത്തി യാത്രക്കാരെ ഇറക്കി. ഡ്രൈവർ ക്യാബിന് അടിയിലായാണ് തീപടർന്നത്. അടൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. കനത്ത ചൂടിൽ എൻജിൻ ഓയിൽ ടാങ്കിന്റെ അടപ്പ് തെറിച്ച് ഓയിൽ പൂർണമായും കത്തിയിരുന്നു. എൻജിന്റെ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാവാം തീ പടരാൻ കാരണമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. വൈകിയിരുന്നെങ്കിൽ വാഹനത്തിലെ ഇലക്ട്രിക് സർക്യൂട്ടുകൾക്ക് തീ പടർന്ന് സെൻസറുകൾ തകരാറിലായി വാതിലുകൾ തുറക്കാൻ സാധിക്കാത്ത സ്ഥിതിയാകുമായിരുന്നു. ഡ്രൈവർ ആകാശിന്റെ സമയോചിതമായ ഇടപെടലിലാണ് അപകടം ഒഴിവായത്. തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഫയർ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി.സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഭിലാഷ് എസ്.നായർ, എസ്.ദിനൂപ്, എസ്.സന്തോഷ്, എസ്.സാനിഷ്, എം.എസ്.രാജീവ്, എം.ജെ മോനച്ചൻ, ആർ.അജയകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.