ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന കാലത്തിന് രണ്ടാഴ്ച്‌ച മാത്രം ശേഷിക്കെ പാർക്കിംഗ് സംബന്ധിച്ച് വ്യക്തത വരാതെ കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ അധികൃതർ. ശാസ്‌താംപുറം മാർക്കറ്റ് പൊളിച്ചിട്ട സ്ഥലത്ത് ഭൂമിയൊരുക്കലിനായി കുഴിയെടുത്തിട്ട സാഹചര്യത്തിൽ പാർക്കിംഗ് ഗ്രൗണ്ടായി ആവശ്യപ്പെടാനുള്ള ഉറച്ച തീരുമാനത്തിൽ നിന്നും ചെങ്ങന്നൂർ കെ.എസ്ആർ.ടി.സി ഡിപ്പോ അധികൃതർ പിന്മാറി. ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിനാണ് പിന്നെ ആദ്യത്തെ പരിഗണന. എന്നാൽ ഇവിടെ ക്രിസ്മസ്, പുതുവത്സരവേളയിൽ ചെങ്ങന്നൂർ ഫെസ്റ്റ് നടത്തേണ്ടതിനാൽ തടസപ്പെടാൻ സാദ്ധ്യത ഏറെയാണ്. പിന്നീടുള്ളത് സ്റ്റേഡിയം നിർമ്മാണം നടക്കുന്ന പെരുങ്കുളം ഭാഗമാണ്. ഇവിടെ ബസുകൾക്ക് പാർക്കിംഗിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീർത്ഥാടനകാലത്ത് പമ്പ സ്പെഷൽ സർവീസിനായി എത്തുന്നത് 60 കെ.എസ്.ആർ.ടി.സി ബസുകളാണ്. മകരവിളക്ക് എത്തുമ്പോഴേക്കും അധികമായി പിന്നെയും 15 എണ്ണം എത്തിച്ചേരും. എന്നാൽ ഇത്രയും ബന്ധുകൾ പാർക്ക് ചെയ്യാൻ നിലവിലുള്ള ഡിപ്പോയിൽ സൗകര്യമില്ല . ഇപ്പോൾതന്നെ ഡിപ്പോയിലുള്ള ബസുകൾ പാർക്ക് ചെയ്യാൻ ആവശ്യത്തിന് ഇടമില്ലാത്ത സ്ഥിതിയാണ്. സബ്സ്റ്റേഷനു സമീപത്തെ സ്വകാര്യ ഭൂമിയിൽ പാർക്ക് ചെയ്യുകയായിരുന്നു മുൻവർഷങ്ങളിലെ പതിവ്. എന്നാൽ നിയമതടസം ഉള്ളതിനാൽ ഇക്കുറി ഇവിടം വിട്ടു കിട്ടില്ല. എം.സി റോഡരികിൽ കല്ലിശേരി പാലത്തിനു സമീപം ബസുകൾ നിറുത്തിയിടുന്നതും പതിവായിരുന്നു. ആവശ്യത്തിനു വെളിച്ചമില്ലാത്തതിനാൽ ഇവിടം സുരക്ഷിതമല്ലെന്നാണ് നിലപാട്.
ജീവനക്കാർക്ക് താമസ സൗകര്യമില്ല
വിവിധ ഡിപ്പോകളിൽ നിന്ന് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർക്ക് താമസ സൗകര്യവും പരിമിതമാണ്. പഴയ ഡിപ്പോ കെട്ടിടത്തിലാണ് മുൻപു ജീവനക്കാർ കഴിഞ്ഞിരുന്നത്. എന്നാൽ ജീർണാവസ്ഥയിലായതിനെ തുടർന്ന് ഇവിടെ താമസിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടെ നിന്ന് ഓഫിസിന്റെ പ്രവർത്തനം ഗാരേജ് കം ഓഫീസ് കോംപ്ലക്‌സിലേക്കു മാറ്റിയിരുന്നു. നിലവിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് മാത്രമാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പ്രവർത്തിക്കുന്നത്.
,....................................
ജീവനക്കാർക്കു പ്രാഥമികാവശ്യത്തിനു സൗജന്യമായി ടോയ്ലെറ്റുകൾ അനുവദിക്കണമെന്നും അവലോകനയോഗത്തിൽ കെ.എസ്.ആർ.ടി.സി അധികൃതർ ആവശ്യപ്പെട്ടതാണ്. ഇതിന് എത്രയും വേഗം പരിഹാരം കാണണം.
ജോൺ ജേക്കബ്
(മുൻ സ്റ്റേഷൻ മാസ്റ്റർ)
.........
60 സ്പേഷ്യൽ സർവീസുകൾ
മകരവിളക്കിന് അധികമായി 15 എണ്ണം