മല്ല​പ്പള്ളി: തെള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രാങ്കണത്തിൽ 16ന് ആരംഭിക്കുന്ന പ്രസിദ്ധ വ്യാപാര വാണിജ്യ മേളയായ വൃശ്ചിക വാണിഭത്തിന്റെ സമ്പൂർണ മേൽനോട്ടം തിരുവിതാംകൂർ ദേവസ്വം ബോർഡിന്. ഇതിനായി റവന്യു, തദ്ദേശ പൊലീസ്, ആരോഗ്യ വൈദ്യുതി വകുപ്പുകൾ ആവശ്യമായ സൗകര്യങ്ങൾ നൽകാൻ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായി. ക്ഷേത്ര ഓഡിറ്റോറിയത്തിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ യുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. പൊലീസ്, ഫയർ ഫോഴ്‌​സ്, ആരോഗ്യ വകുപ്പ് എന്നീ വിഭാഗങ്ങൾക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രത്യേക സൗകര്യം ദേവസ്വം ബോർഡ് നൽകും. നിലവിൽ അവിടെയുള്ള ടോയ്ലെറ്റുകൾ കൂടാതെ 10 ബയോ ടോയ്‌​ലറ്റുകൾ ദേവസ്വം ലഭ്യമാക്കും. ഇതിനായി പ്രത്യേക വാട്ടർ ടാങ്കും എത്തിക്കും. 16ന് രാവിലെ ചരൽക്കുന്ന് മൈലാടുംപാറ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് എഴുന്നെള്ളിച്ചു എത്തിക്കുന്ന ധാന്യം തെള്ളിയൂർകാവ് ക്ഷേത്ര കൊടിമര ചുവട്ടിൽ സമർപ്പിച്ചാണ് 16ന് രാവിലെ 9ന് മേള ആരംഭിക്കുക.. ഇത്തവണ 100ഓളം കടകൾ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഭൂമിയിലാണ് മേളയിൽ പങ്കെടുക്കുന്നത്. ഡിസംബർ ഒന്ന് വരെ നീളുന്ന മേളയിൽ ഉണക്ക സ്രാവ്പ്രധാനഇനമാണ്.