അടൂർ : ഏറത്ത് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേർന്ന് പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം ഉദ്ഘാടനം നടത്താതെ ഉപയോഗശൂന്യമായ നിലയിൽ. മൂന്ന് ടോയ്ലെറ്റുളള കെട്ടിടമാണിത്. എല്ലാ പണികളും തീർന്നിട്ട് വർഷങ്ങളായി. 2020 - 21 കാലഘട്ടത്തിലാണ് നിർമ്മാണം നടന്നത്. വൈദ്യുതിയും, വെള്ളം കണക്ഷനും ഇവിടെ ഉണ്ട്. പേരിന് ഒരു ഉദ്ഘാടനം നടത്തിയാൽ പോലും ഉപയോഗിക്കാവുന്നതാണ് കെട്ടിടം. എന്നാൽ അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഉദ്ഘാടനം ഇനിയും നീണ്ടു പോകുകയാണെങ്കിൽ പ്ലംമ്പിംഗ് ഇലക്ട്രിക്കൽ സാധനങ്ങൾ മിക്കവയും ഉപയോഗശൂന്യമാകാൻ സാദ്ധ്യതയുണ്ട് .ഏറത്ത് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസം 150 ലേറെ ഒ.പി ടിക്കറ്റുകൾ എടുക്കുന്നുണ്ട്. രണ്ട് ഡോക്ടർമാരും നേഴ്സുമാർ, അറ്റൻഡർ, തൂപ്പുകാർ അടക്കം പതിനെട്ടോളം ജീവനക്കാരും ഉണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിന് അകത്ത് ടോയ്ലെറ്റ് ഉണ്ടെങ്കിലും ആശുപത്രിയിലെ തിരക്ക് കണക്കിലെടുത്താൽ ഇത് പര്യാപ്തമല്ല. രോഗികളും കൂടെ വരുന്നവരും മിക്കപ്പോഴും അടുത്തുള്ള വീടുകളിലെ ടോയ്ലെറ്റാണ് ഉപയോഗിക്കുന്നത്. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
............................
കെട്ടിടം ആർക്കും പ്രയോജനം ഇല്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എത്രയും വേഗം കെട്ടിടം ഉപയോഗപ്രദമായ രീതിയിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കേണ്ടതാണ്.
അശോകൻ കോട്ടവിളയിൽ
(പ്രദേശവാസി)