
റാന്നി : വടശേരിക്കര കുമ്പളാംപൊയ്കയിൽ ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന് അടിയിൽപ്പെട്ട് യാത്രക്കാരിയുടെ കാൽപ്പാദമറ്റു. കുമ്പളാംപൊയ്ക സ്വദേശിനി ശോഭനയ്ക്ക് (67) ആണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ശോഭനയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുടമുരുട്ടി - പന്തളം റൂട്ടിലോടുന്ന അൽ അമീൻ ബസിൽ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം.
ഡ്രൈവറുടെ അശ്രദ്ധ
ശോഭന ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ട് എടുക്കുകയും കാൽ തെറ്റി അടിയിലേക്ക് വീഴുകയുമായിരുന്നു. അശ്രദ്ധമായി വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ മലയാലപ്പുഴ പൊലീസ് കേസടുത്തു.