
കുമ്പനാട് : ടി.കെ റോഡിൽ കുമ്പനാട് മണിയാട്ട് ഓഡിറ്റോറിയത്തിന് സമീപം റോഡ് മുറിച്ചുകടന്ന കാട്ടുപന്നിക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി. നാല് കാട്ടുപന്നികൾ ചത്തു. വലിയൊരു പന്നിക്ക് പരിക്കേറ്റു. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ട വാഗൺആർ കാറിന്റെ മുൻഭാഗവും തകർന്നു. തിരുവല്ലയിൽ നിന്ന് കോന്നിയിലേക്ക് പോകുകയായിരുന്ന യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന് തകരാർ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിരനിരയായി ഒാടിയെത്തിയ കാട്ടുപന്നികൾ വാഹനത്തിന് മുന്നിൽ പെടുകയായിരുന്നുവെന്നും പരിക്കേൽക്കാത്ത പന്നികൾ സമീപത്തെ ഇടവഴിയിലൂടെ ഒാടി മറഞ്ഞതായും യുവാക്കൾ പറഞ്ഞു. കാർ യാത്രികർ അറിയിച്ചതനുസരിച്ച് കോയിപ്രം പൊലീസ് എത്തി പന്നികളെ വഴിയരികത്തേക്ക് മാറ്റിയിട്ടു. രാത്രിയിൽ തന്നെ വനപാലകരെ വിവരം അറിയിച്ചെങ്കിലും പഞ്ചായത്തിൽ അറിയിക്കാനായിരുന്നു നിർദേശം. പഞ്ചായത്ത് അധികൃതരുമായി ആലോചിച്ച് പരിക്കേറ്റ കാട്ടുപന്നിയെ വെടിവച്ച് കൊല്ലുമെന്നും ചത്ത പന്നികളെ കൂട്ടത്തോടെ സംസ്കരിക്കുമെന്നും പൊലീസ് അറിയിച്ചു. വാഹനത്തിരക്കുള്ള മേഖലയാണെങ്കിലും പ്രദേശത്ത് പന്നിശല്യം രൂക്ഷമാണ്.