പത്തനംതിട്ട : അഞ്ചു വയസുകാരിയായ തമിഴ് ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ കുറ്റക്കാരനാണെന്ന് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (1) ജഡ്ജി ജയകുമാർ ജോൺ കണ്ടെത്തി. നാളെ പ്രതിയുടെ വാദം കേട്ടശേഷം ശിക്ഷ വിധിക്കും. 2021 ഏപ്രിൽ 5 ന് ഉച്ചയ്ക്ക് 2.30നാണ് കേസിനാസ്പാദമായ സംഭവം. കുമ്പഴയിൽ മാതാവിനും രണ്ടാനച്ഛനായ രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യനും ഒപ്പം താമസിക്കുകയായിരുന്നു കുട്ടി. സമീപത്തെ വീട്ടിലെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് കുട്ടി ചലനമറ്റ് കിടക്കുന്നതാണ് കണ്ട് വിവരം തിരക്കിയപ്പോൾ അലക്‌സ് ഇവരെ മർദ്ദിച്ചു. തുടർന്ന് ഇവർ അയൽവാസികളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. മർദ്ദിച്ചും പീഡിപ്പിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. കത്തി, സ്പൂൺ എന്നിവ ഉപയോഗിച്ചാണ് മുറിവേൽപ്പിച്ചത്. വാദിഭാഗത്തിന് വേണ്ടി അഡ്വ. നവീൻ എം. ഈശോ കോടതിയിൽ ഹാജരായി.