
കോന്നി : പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം വാടകയും യന്ത്രങ്ങളും തിരികെ നൽകാതിരുന്ന സംഭവത്തിൽ സി.പി.എം തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റുചെയ്തു. മലയാലപ്പുഴ താഴം കൃഷ്ണനിവാസിൽ അർജുൻദാസ് (40) ആണ് പിടിയിലായത്. രാജസ്ഥാൻ സ്വദേശി കിഷൻ ലാൽ കോന്നി പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2021 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെയാണ് അർജുൻ ദാസ് യന്ത്രങ്ങൾ വാടകയ്ക്കെടുത്തത്. 6 ലക്ഷം രൂപ രാജസ്ഥാൻ സ്വദേശിക്ക് ഇയാൾ നൽകാനുണ്ട്. വാടക ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും യന്ത്രങ്ങൾ ഒളിപ്പിച്ചെന്നുമാണ് പരാതി.