പത്തനംതിട്ട: ജില്ലയിൽ സാഹസിക കായിക വിനോദം നടപ്പാക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ പദ്ധതി തയ്യാറാക്കി. ആദ്യ ഘട്ടത്തിൽ പത്തനംതിട്ട നഗരത്തിലെ വഞ്ചിപ്പൊയ്ക വെള്ളച്ചാട്ടത്തിൽ സ്പോർട്സ് കൗൺസിൽ നടപ്പാക്കുന്ന പദ്ധതിക്ക് നഗരസഭ മൂന്ന് കോടി രൂപ വകയിരുത്തി. ആദിവാസി മേഖലയിൽ കായിക വികസനത്തിന് സ്പോർട്സ് കൗൺസിൽ പദ്ധതി തയ്യാറാക്കും. ഇതിനായി ഏഴ് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ വാർഷിക ജനറൽ ബോഡി യോഗം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത് , കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം രഞ്ജു സുരേഷ്, റെജിനോൽഡ് വർഗീസ് എന്നിവർ സംസാരിച്ചു.