പത്തനംതിട്ട: സാനിട്ടറി വേസ്റ്റ്, ബയോ മെഡിക്കൽ വേസ്റ്റ്, ബേബി കെയർ അഡൽറ്റ് ഡയപ്പേഴ്‌സ് എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കാനുളള ഡബിൾ ചേംബേർഡ് ഇൻസിനറേറ്റർ പദ്ധതി ഇലന്തൂരിൽ. ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്താണ് ഉയർന്ന ശേഷിയുളള ഇൻസിനറേറ്റർ സ്ഥാപിക്കുന്നത്.

സാനിട്ടറി മാലിന്യ സംസ്‌കരണം ഫ്‌ളോററ്റ് ടെക്‌നോളജീസ് കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. പദ്ധതി സംബന്ധിച്ച ആലോചനാ യോഗം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പത്തനംതിട്ട ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ്. ഹക്കിന്റെ നേതൃത്വത്തിലുളള സംഘം പദ്ധതി രൂപരേഖ വിലയിരുത്തി. വിശദമായ സ്ഥല പരിശോധനയും നടത്തി. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ -ഓർഡിനേറ്റർ (എസ്.ഡബ്ല്യൂ.എം) ആദർശ് പി. കുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.എ ലത, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വി. മഞ്ജു, ഫ്‌ളോററ്റ് ടെക്‌നോളജീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സനൽ കുമാർ എന്നിവർ പങ്കെടുത്തു.