അടൂർ : ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള പഞ്ചായത്തായ പള്ളിക്കലിൽ പൊലീസ് സ്റ്റേഷൻ വേണമെന്നുള്ള ആവശ്യം ഇനിയും നീളും. നിരവധി തവണ രാഷ്ട്രീയപ്രതിനിധികളും, പൊതുപ്രവർത്തകരും ഈ ആവശ്യം അധികൃതർക്ക് മുന്നിൽ ഉന്നയിച്ചെങ്കിലും നിരാശ മാത്രമാണ് ഫലം. പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത് പരിഗണിക്കുന്നതായി മുൻപ് അനുകൂലമായ അറിയിപ്പ് വന്നിരുന്നെങ്കിലും പൊതുപ്രവർത്തകനായ രാമാനുജൻ കർത്താ സംസ്ഥാനപൊലീസ് മേധാവിയ്ക്ക് നൽകിയ നിവേദനത്തിന്റെഅടിസ്ഥാനത്തിൽ ഉടനെ പുതിയ പൊലീസ് സ്റ്റേഷനുകൾ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നാണ് വിവരം.

40% കേസുകളും പള്ളിക്കലിൽ നിന്ന്

അടൂർ താലൂക്കിലെ പള്ളിക്കൽ പഞ്ചായത്തിൽ മൊത്തം 23 വാർഡുകളാണ് ഉള്ളത്. കൂടുതൽ ഭാഗവും ഉൾനാടൻ ഗ്രാമ പ്രദേശമാണ്. അടൂർ പൊലീസ് സ്റ്റേഷനിൽ ആകെ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 40%വും പള്ളിക്കൽ ഭാഗത്തുനിന്നുള്ളതാണ്. പള്ളിക്കൽ പഞ്ചായത്ത് അതിർത്തിയായ ആനയടിയിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട് അടൂർ പൊലീസ് സ്റ്റേഷനിലേക്ക്. ഏതെങ്കിലും അത്യാഹിതം പഞ്ചായത്തിൽ സംഭവിച്ചാൽ ഇത്രയും ദൂരത്തുനിന്ന് പൊലീസ് എത്തണം. ആലപ്പുഴയിലെ നൂറനാട്, കൊല്ലം ജില്ലയിലെ ചക്കുവള്ളി എന്നീ പൊലീസ് സ്റ്റേഷനുകൾ പള്ളിക്കലിനു സമീപമാണ്. ഇവിടെ പോകാൻ രണ്ടും മൂന്നും കിലോമീറ്റർ ഉള്ളപ്പോഴാണ് അടൂരിലേക്കുള്ള ദീർഘദൂരയാത്ര. സ്റ്റേറ്റ് ഹൈവേകളിൽ ഒന്നായ കെ.പി.റോഡ് കടന്നുപോകുന്നതും പള്ളിക്കൽ പഞ്ചായത്തിലൂടെയാണ്.

...............................

പള്ളിക്കലിൽ നിലവിൽ കേരള ബാങ്കും കെ.എസ്.എഫ്.ഇ.യും ഉൾപ്പെടെ നാലോളം ബാങ്കുകളും പത്തോളം മേജർ ക്ഷേത്രങ്ങൾ ഉൾപ്പെടെ നാല്പതോളം ചെറുതും വലുതുമായ ക്ഷേത്രങ്ങളും മറ്റ് ഇതര ദേവാലയങ്ങളും പത്തോളം വിദ്യാലയങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന തെങ്ങമം, കടമ്പനാട്, നെല്ലിമുകൾ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങൾ ഉൾപ്പെടുത്തി പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണം.

(നാട്ടുകാർ)​

.........................

പള്ളിക്കൽ പഞ്ചായത്തിൽ 23 വാർഡുകൾ

അടൂർപൊലീസ് സ്റ്റേഷൻ 15 കി.മീറ്റർ അകലെ