ചെങ്ങന്നൂർ: പ്രാവിൻ കൂട് - തിരുവൻവണ്ടൂർ റോഡിലെ ഉപ്പുകളത്തിൽ പാലത്തിന്റെ സമീപത്തെ കൊടുഞ്ഞൂപ്പള്ളത്ത് പടിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി. ഓടയുടെ നിർമ്മാണം ആംഭിച്ചു. കൊടുഞ്ഞൂപ്പള്ളത്ത് പടിയിൽ നിന്നാരംഭിക്കുന്ന ഓട ഉപ്പുകളത്തിൽ തോട്ടിലേക്കാണ് അവസാനിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഉപ്പു കളത്തിൽ തോടിന്റെ ഇടിഞ്ഞു തകർന്ന അനുബന്ധ പാതയുടെ സംരക്ഷണഭിത്തിയുടെ നിർമ്മാണവും ആരംഭിച്ചു. വർഷങ്ങളായിട്ടുള്ള വെള്ളക്കെട്ട് പ്രാവിൻ കൂട് _ ഇരമല്ലക്കര റോഡിന്റെ നിർമ്മാണത്തിനു ശേഷവും ഈ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവായിരുന്നില്ല. 5 കോടി 60 ലക്ഷം രൂപയാണ് പൊതുമരാമത്ത് റോഡിനായി അനുവദിച്ചിരുന്നത്. എന്നാൽ പ്രാവിൻ കൂട് ജംഗ്ഷൻ മുതൽ ഉപ്പുകളത്തിൽപ്പാലം വരെ ഒരു വശത്തുകൂടി ഓടയും നിർമ്മിക്കും എന്നായിരുന്നു കരാർ. എന്നാൽ ഈ ജോലി അന്ന് നടന്നിരുന്നില്ല. 2022 ജൂലൈയിലെ കനത്ത മഴ സമയത്താണ് പ്രാവിൻ കൂട്- ഇരമല്ലിക്കര റോഡിലെ മഴുക്കീർ ഉപ്പുകളത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ കരിങ്കൽ സംരക്ഷണഭിത്തിയും മതിലും തകർന്ന് ഉപ്പുകളത്തിൽ തോട്ടിലേക്ക് പതിച്ചത്. ഇടിഞ്ഞുപോയ റോഡിന്റെ അവശേഷിക്കുന്ന ഭാഗം ഏതു നിമിഷവും തകർന്നു വീഴുന്ന സ്ഥിതിയിലായിരുന്നു. പിന്നീട് തഹസിൽദാറും സംഘവും എത്തി റോഡിന്റെ കരാറുകാരനെ വിളിച്ചു വരുത്തി ഇടിഞ്ഞു പോയ ഭാഗത്ത് മുന്നറിയിപ്പ് നൽകുന്ന സംരക്ഷണവലയം തീർത്തിരുന്നു. ഇതു സംബന്ധിച്ച് നിരവധി വിമർശനങ്ങളും പരാതികളും മാദ്ധ്യമ വാർത്തയും വന്നതിനെ തുടർന്ന് എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ കരിങ്കൽ ഭിത്തിയുടെ നിർമ്മാണത്തിന് തീരുമാനമെടുത്തിരുന്നു. വീണ്ടും ചില സാങ്കേതികത്വത്തിന്റെ പേരിൽ നിർമ്മാണം നടന്നില്ല. ഇതിനിടയിൽ കഴിഞ്ഞ വർഷകാല മഴയിൽ തിട്ട വീണ്ടും ഇടിഞ്ഞു. തുടർന്ന് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശമനുസരിച്ച് ഉദ്യോഗസ്ഥർ എത്തി എസ്റ്റിമേറ്റ് തയാറാക്കി. ഓടയുടെയും പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും പുനർനിർമ്മാണത്തിന്അടങ്കൽ തുക വർദ്ധിപ്പിക്കുകയും ചെയ്തു.
................................................................
പുതുക്കി നിശ്ചയിച്ച പ്രകാരം 20 ലക്ഷം രൂപയാണ് അടങ്കൽ തുക. തുടർന്ന് പുതിയ കരാറുകാരൻ പണി ഏറ്റെടുത്ത് നിർമ്മാണം ആരംഭിക്കുകയുമായിരുന്നു. മന്ത്രിയുടെ ഇടപെടൽ നിർമ്മാണം ആരംഭിക്കുന്നതിന് എളുപ്പമായി
സജി തിരുവൻവണ്ടൂർ
(പ്രദേശവാസി)
..................................
നിർമ്മാണച്ചെലവ് 20 ലക്ഷം