
തിരുവല്ല : മുളയ്ക്കാത്ത വിത്ത് ലഭിച്ചതിനെ തുടർന്ന് വിത മുടങ്ങിയ അപ്പർകുട്ടനാട്ടിലെ കർഷകർക്ക് പുതിയ നെൽവിത്ത് എത്തിക്കാൻ തീരുമാനമായി. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നാണ് 50 ടൺ നെൽവിത്ത് എത്തിക്കുന്നത്. കർഷകർക്ക് ഇഷ്ടപ്പെട്ട ജ്യോതി വിത്ത് തന്നെ ലഭിക്കും. ഇതിനായി സർവകലാശാല അധികൃതരുമായി ധാരണയിലെത്തി. മൂന്ന് ദിവസത്തിനുള്ളിൽ വിത്ത് എത്തിക്കാനാണ് നീക്കം. വിത്ത് കിളിർക്കുമോയെന്ന് പരിശോധിച്ച് അടുത്തയാഴ്ച അവസാനത്തോടെ പാടത്ത് വിതയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസിന്റെ അദ്ധ്യക്ഷതയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷകപ്രതിനിധികളും പെരിങ്ങര സഹകരണ ബാങ്ക് അധികൃതരും അടിയന്തര യോഗത്തിൽ പങ്കെടുത്തു. നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്ന് ഇത്തവണ ലഭിച്ച നെൽവിത്ത് മുളയ്ക്കാത്തതിരുന്നതാണ് വിത വൈകാൻ കാരണം. ഈമാസം ആദ്യവാരത്തിൽ വിതയ്ക്കാൻ നിശ്ചയിച്ചിരുന്ന പാടങ്ങളിൽ രണ്ടാഴ്ചയോളം വിത വൈകും.
കിളിർക്കാത്ത വിത്ത് തിരികെ നൽകും
നാഷണൽ സീഡ് കോർപ്പറേഷന്റെ കിളിർക്കാത്ത വിത്ത് തിരികെ നൽകും. വിത്തിന് നൽകിയ പണം തിരിച്ചുവാങ്ങി മണ്ണുത്തി കാർഷിക സർവകലാശാലയ്ക്ക് കൈമാറും. കർഷകർക്ക് ബാദ്ധ്യത ഉണ്ടാകാത്തവിധത്തിലാണ് പുതിയ വിത്ത് വാങ്ങുന്നത്. അതേസമയം കർഷകരുടെ പരാതിയെ തുടർന്ന് കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ച വിത്തുകളുടെ പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. ജില്ലയിൽ ഏറ്റവുമധികം നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലാണ് ഇക്കുറി നെൽവിത്ത് കിളിർക്കാതെ വിത വൈകിയത്. പടവിനകം ബി പാടത്തെ കർഷകർ മുളയ്ക്കാത്ത വിത്ത് ഒഴിവാക്കി സ്വകാര്യ ഏജൻസിയുടെ വിത്ത് വാങ്ങി ദീപാവലി നാളിൽ തന്നെ വിതച്ചു. എന്നാൽ നിലം ഒരുക്കിയ മറ്റു പാടശേഖരങ്ങൾ വിത കാത്തിരിക്കുകയാണ്.
വിത മുടങ്ങിയത്
പെരിങ്ങര പഞ്ചായത്തിലെ 10 പാടങ്ങളിൽ,
400 അധികം കർഷകർ ദുരിതത്തിൽ
അടുത്താഴ്ചയോടെ വിതയ്ക്കാനാകും
എത്തിക്കുന്നത് ജ്യോതി ഇനത്തിലെ 50 ടൺ നെൽവിത്ത്