 
മാന്നാർ: സ്വത്വം തിരിച്ചറിഞ്ഞ് ഈഴവർ ഐക്യത്തോടെ മുന്നേറണമെന്നും അല്ലാത്തപക്ഷം സർവ മേഖലയിലും താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് മോചനം സാദ്ധ്യമാകില്ലെന്നും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പളളി പറഞ്ഞു. കൂട്ടായ്മയെ ഇല്ലാതാക്കി ആർ.ശങ്കറെപ്പോലുള്ള മഹാന്മാർ കെട്ടിപ്പടുത്ത എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും തുഷാർ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്‌ഘാടനവും ഇരമത്തൂർ 1926-ാം നമ്പർ ശാഖയിൽ പുതുതായി നിർമ്മിച്ച ആർ.ശങ്കർ സ്മാരക ഹാൾ സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലറും യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി പ്രസിഡന്റുമായ സന്ദീപ് പച്ചയിൽ ആർ.ശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി. നിർമ്മാണം പൂർത്തിയാക്കിയ ശാഖ ഓഫീസിന്റെ ഉദ്ഘാടനം ശാഖാ ചെയർമാൻ ജയപ്രകാശ് കീച്ചേരി ബംഗ്ലാവിൽ നിർവഹിച്ചു. മാന്നാർ എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിദ്ധീകരിക്കുന്ന 2025 വർഷത്തെ കലണ്ടറിന്റെ പ്രകാശനം യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിലിന് നൽകി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു.
പന്തളം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ, അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ ടി.കെ, രാജേന്ദ്രപ്രസാദ് അമൃത, പി.ബി സൂരജ്, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ഹരി പാലമൂട്ടിൽ, അനീഷ് പി.ചേങ്കര, ചെന്നിത്തല മേഖലാ ചെയർമാൻ കെ.വിശ്വനാഥൻ, കൺവീനർ പി.മോഹനൻ, വനിതാ സംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ ബിനി സതീശൻ, ശാഖ വൈസ് ചെയർമാൻ സന്തോഷ് ശാരദാലയം, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർപേഴ്സൺ വിധു വിവേക്, കൺവീനർ ബിനുരാജ്.വി, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് സിന്ധു.വി, സെക്രട്ടറി വിജി സന്തോഷ് എന്നിവർ സംസാരിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖ കൺവീനർ കെ.വി സുരേഷ്കുമാർ നന്ദിയും പറഞ്ഞു. ചെന്നിത്തല ഐക്കര ജംഗ്ഷനിൽ നിന്ന് സ്വീകരിച്ച്, മാന്നാർ യൂണിയൻ ആഫീസിലെത്തിയ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെയും വിശിഷ്ടാതിഥികളെയും യൂണിയൻ ആഫീസിൽ നിന്ന് സ്വീകരിച്ച് വാഹന ഘോഷയാത്രയോടുകൂടി ഐക്കര ജംഗ്ഷനിൽ നിന്ന് വഞ്ചിപ്പാട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ താലപ്പൊലിയേന്തിയ വനിതാ സംഘം സമ്മേളന സ്ഥലത്തേക്ക് ആനയിച്ചു.