റാന്നി : കിഴക്കൻ മലയോര മേഖലകളിലും ശബരിമല വനാന്തരങ്ങളിലും പെയ്യുന്ന കനത്ത മഴയിൽ കുത്തിയൊലിച്ചെത്തുന്ന വെള്ളം പെരുന്തേനരുവിക്ക് നൽകുന്ന വശ്യത വാക്കുകളിൽ ഒതുങ്ങുന്നതല്ല. പ്രകൃതിസൗന്ദര്യത്തിൽ മയങ്ങി പാറയിൽ തട്ടിയൊഴുകുന്ന വെള്ളത്തിലേക്ക് ഇറങ്ങിയവരിൽ പലർക്കും ജീവൻ നഷ്ടമായെന്നത് കെട്ടുകഥയല്ല. മലയോരത്തിന്റെ ശാന്തതയ്ക്കും വശ്യതയ്ക്കുമപ്പുറം പെരുന്തേനരുവിക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അരുവിയുടെ ചിലമ്പൊലിയിൽ ഭ്രമിച്ച് വെള്ളത്തിൽ ഇറങ്ങുന്നവരെ മരണച്ചുഴികളിലും പാറയിടുക്കുകളിലുള്ള അള്ളുകളിലേക്കും വലിച്ചു കൊണ്ടുപോയി ശ്വാസംമുട്ടിച്ച് ജീവൻ കവരുന്ന വന്യതയുടെ ഭീകരമുഖം.
ജില്ലയുടെ ടൂറിസം ഭൂപടത്തിൽ മുൻനിരയിലുള്ള പെരുന്തേനരുവി പലപ്പോഴും മരണക്കയമായി മാറുകയാണ്. കൃത്യമായ മുന്നറിയിപ്പ് നൽകാൻ ഗൈഡുകളും അപകടത്തിൽപ്പെടുന്നവരെ രക്ഷപെടുത്താൻ ലൈഫ് ഗാർഡുകൾ ഇല്ലാത്തതും വലിയ വീഴ്ചയാകുന്നു. ഇതുവരെ 90 ൽ അധികം ജീവൻ ഇവിടെ പൊലിഞ്ഞതായി പ്രദേശവാസികൾ പറയുന്നു. ഇതിൽ ഏറെയും യുവാക്കളാണ്. പാറകൾ നിറഞ്ഞ അരുവിയിലെ ഗർത്തങ്ങളാണ് അപകടകാരണമാകുന്നത്. ജീവൻ നഷ്ടമായതിൽ ഏറെയും മറ്റിടങ്ങളിൽ നിന്ന് അരുവി കാണാൻ എത്തിയവരുടേതാണ്. ഇവർക്ക് പ്രദേശത്തെപ്പറ്റി കൃത്യമായ അറിവില്ലാത്തതാണ് പ്രധാന അപകടകാരണം.
മുന്നറിയിപ്പുകൾ നശിച്ചു
പെരുന്തേനരുവിയിൽ അപകടങ്ങൾ തുടരുമ്പോൾ മുന്നറിയിപ്പ് ബോർഡുകൾ കാടുമൂടിയും ഒടിഞ്ഞുവീണ നിലയിലുമാണ്. റാന്നി താലൂക്കിൽ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകൾക്ക് അതിരുപങ്കിട്ടാണ് അരുവി ഒഴുകുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പഞ്ചായത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തികൾ നടത്തിയെങ്കിലും സഞ്ചാരികൾ ഏറെ എത്തുന്ന നാറാണംമൂഴിയുടെ ഭാഗം അവഗണിക്കപ്പെടുകയായിരുന്നു. ഒരുവശത്തു നിന്ന് മാത്രം അരുവിയുടെ കാഴ്ച കാണാൻ സൗകര്യം ഒരിക്കിയിട്ടുള്ളു. ആനയുടെയും കാട്ടുപോത്തിന്റെയും സാന്നിദ്ധ്യം ഉണ്ടെങ്കിലും കുടമുരുട്ടി മുതൽ വനാന്തരത്തിലൂടെ യാത്രചെയ്തു പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ എത്തുന്നവർ നിരവധിയാണ്.
ലൈഫ് ഗാർഡ് ഇല്ല
ദുരന്തങ്ങൾ പതിവായിട്ടും പെരുന്തേനരുവിയിൽ ലൈഫ് ഗാർഡുകളെ നിയമിക്കാൻ അധികൃതർ മുൻകൈ എടുത്തിട്ടില്ല. നിരവധി പാറയിടുക്കുകൾ ഉള്ളതിനാൽ അരുവിയിൽ വീണുപോകുന്നവരെ കണ്ടെത്താനും പ്രയാസമാണ്.
അരുവി കവർന്ന ജീവനുകൾ : 90+
സഞ്ചാരികൾ ഏറെ എത്തുന്നതും അപകടങ്ങൾ കൂടുതൽ നടക്കുന്നതുമായ അരുവിയുടെ കുടമുരുട്ടി ഭാഗം അവഗണിക്കപ്പെടുന്നത് പ്രതിഷേധാർഹമാണ്.
സൂരജ് , അത്തിക്കയം