ചെങ്ങന്നൂർ: പുലിയൂർ വടപുറം, പടനിലം, പുഞ്ച എന്നീ പാടശേഖരങ്ങളിലെ നെൽ കർഷകർക്ക് സൗജന്യമായി സർക്കാർ വിതരണം ചെയ്ത ഉമ ഇനത്തിൽപെട്ട നെൽ വിത്ത് മുളയ്ക്കുന്നില്ലെന്ന് കർഷകരുടെ പരാതി. ഇതു കാരണം വില കൊടുത്ത് വീണ്ടും നെൽവിത്ത് വാങ്ങേണ്ട ഗതികേടിലാണ് കർഷകർ. പുലിയൂർ കൃഷി ഭവനിൽ നിന്ന് വിതരണം ചെയ്ത വിത്തിനാണ് ഈ ഗതി. നിലവിൽ കൃഷി ഇറക്കിയ പകുതിയിലധികം പേരുടെയും വിത്ത് മുളയ്ക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. കിലോയ്ക്ക് 40 മുതൽ 50 രൂപ വരെയാണ് സ്വകാര്യ വിൽപ്പനക്കാർക്ക് വിത്തിനായി കർഷകർക്ക് കൊടുക്കേണ്ടിവരുന്നത്. തിരുവല്ലയിലും ചെന്നിത്തലയിലും കൃഷിഭവനിൽ നിന്ന് നൽകിയ നെൽവിത്തുകൾ മുളച്ചിട്ടില്ല. കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം കിളിക്കുന്നതിനായി നീര് കൊടുത്തു കെട്ടിവച്ചു. സാധാരണ 12 മണിക്കൂർ നീര് കൊടുത്തു കെട്ടിയ വിത്ത് കിളിർക്കണം. കൃഷി ഓഫീസിൽ നിന്നുളള നിർദ്ദേശപ്രകാരം 20 മണിക്കൂർ നീര് കൊടുത്തിട്ടും മുളച്ചില്ല. ഒരാഴ്ച മുൻമ്പ് പുഞ്ചകൃഷി ആരംഭിക്കേണ്ടതായിരുന്നു. വിത്ത് മുളയ്ക്കാതിരുന്നതിനാൽ പുഞ്ച കൃഷി വൈകിയാണ് ആരംഭിച്ചത് .കൃഷിഭവനിൽനിന്ന് നൽകിയ വിത്ത് ഇനി തിരിച്ചെടുക്കില്ലെന്ന് കൃഷി ഭവൻ അധികൃതർ അറിയിച്ചതായി കർഷകർ കേരളകൗമുദിയോട് പറഞ്ഞു.പുറത്തുനിന്ന് വില കൊടുത്തു വാങ്ങിയ വിത്തിന്റെ പണവും കൃഷി ഭവനിൽനിന്ന് ലഭിക്കില്ല. മരുന്നടിക്കാനും ഇതിന്റെ കൂലിക്കുമായി ഏക്കറിന് 2500 രൂപ ഇനിയും കർഷകർ മുടക്കിയാണ് വിത്തെറിയുന്നത്.
സാമ്പത്തിക ബാദ്ധ്യത സർക്കാർ നൽകണം
..............................................
കടം വാങ്ങിയും പലിശയ്ക്ക് എടുത്തും പാട്ടത്തിനെടുത്തും നെൽകൃഷി ചെയ്യുന്ന കർഷകർക്ക് ഗുണനിലവാരമില്ലാത്ത വിത്ത് നൽകി അവശേഷിക്കുന്ന നെൽകൃഷി കൂടി ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഇത്.
സന്തോഷ്
(യുവകർഷകൻ)
....................................
എൻ.എസ്.സിയിൽ നിന്നും 15 ദിവസം മുൻപ് ചെന്നിത്തലയിൽ എത്തിച്ച വിത്താണിത്. ഇത്തരം അനുഭവങ്ങൾ കർഷകർക്കും പാടശേഖര സമിതിക്കും ആദ്യ അനുഭവമാണ്.
സുകുമാരൻ
(നാട്ടുകാരൻ)